കരുനാഗപ്പള്ളി. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വഴിയോരക്കച്ചവടം നടത്തുന്ന തൊഴിലാളികളെ മുൻകൂട്ടി നോട്ടീസ് നൽകാതെ നീക്കം ചെയ്യാനുള്ള നഗരസഭ അധികൃതരുടെ നടപടിയെ സിഐടിയു നേതൃത്വത്തിൽ തടഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ തട്ടുകടകളും മറ്റും ഇട്ട് ഉപജീവനം നടത്തുന്ന തൊഴിലാളികൾക്ക് ജീവിതമാർഗത്തിനായി വെൻഡിങ് സോണുകൾ കണ്ടെത്തി ബദൽ സൗകര്യമൊരുക്കാതെ പൂർണ്ണമായും ഒഴിപ്പിക്കാൻ ഉള്ള ശ്രമമാണ് നടന്നതെന്ന് സിഐടിയു ആരോപിച്ചു.
ഓണക്കാലം അടുത്തതോടെ മെച്ചപ്പെട്ട കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷിച്ച് ഉപജീവന മാർഗത്തിനായി ചെറിയ കച്ചവടം നടത്തുന്ന തൊഴിലാളികളെ നീക്കം ചെയ്യാനുള്ള നടപടിക്കെതിരെ സിഐടിയു നടത്തിയ പ്രതിഷേധത്തെ തുടർന്ന് നടപടി നിർത്തിവച്ചു. വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ നഗരസഭ ചെയർമാൻ പി. സോമരാജനുമായി നടത്തിയ ചർച്ചയെ തുടർന്ന് നിലവിൽ കച്ചവടം ചെയ്ത് ഉപജീവനമാർഗ്ഗം നടത്തുന്ന തൊഴിലാളികൾ ഗതാഗതത്തിന് തടസ്സമില്ലാത്ത തരത്തിൽ കടകൾ ഓരങ്ങളിലേക്ക് ഒതുക്കി വെച്ച് പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കാത്ത തരത്തിൽ കച്ചവടം നടത്താൻ തീരുമാനിച്ചു.
തുടർന്ന് ഇക്കാര്യങ്ങൾ പിന്നീട് വിശദമായി പരിശോധിച്ചശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് അധികൃതർ ഉറപ്പു നൽകിയതായും യൂണിയൻ നേതാക്കൾ പറഞ്ഞു. പോലീസ് സാന്നിദ്ധ്യത്തിലായിരുന്നു ഒഴിപ്പിക്കാനുള്ള ശ്രമം നടന്നത്. പ്രതിഷേധ പരിപാടിക്ക് സിഐടിയു ഏരിയ സെക്രട്ടറി ബി എ ബ്രിജിത്ത്, മുനിസിപ്പൽ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ ജി സുനിൽ,അഡ്വ ബി ഗോപൻ,അൻസർ എന്നിവർ നേതൃത്വം നൽകി.




































