ചരിത്രം കുറിക്കാന്‍ ലോകത്തെ ആദ്യത്തെ റോബോട്ട് അഡ്വക്കറ്റ് കോടതിയിലേക്ക്!

ഫെബ്രുവരിയില്‍ നടക്കുന്ന ഒരു കേസ് വിസ്താരത്തില്‍ പ്രതിയെ സഹായിക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോടതിയില്‍ ഹാജരായി ചരിത്രം കുറിക്കുമെന്ന് ന്യൂ സയന്റിസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഡുനോട്ട്‌പേ (DoNotPay) എന്ന കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയിരിക്കും കോടതിയില്‍ എന്താണു പറയേണ്ടതെന്നു പ്രതിക്കു പറഞ്ഞുകൊടുക്കുക. ലോകത്തെ ആദ്യത്തെ റോബോട്ട് വക്കീലിന്റെ വരവായാണ് ഇതിനെ ടെക്‌നോളജി ലോകം കാണുന്നത്.

വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരുടെ ജീവിതത്തില്‍ കാര്യമായി ഇടപെട്ടു തുടങ്ങുന്ന വര്‍ഷമായിരിക്കും 2023. അമ്പരപ്പിക്കുന്ന എഐ സംവിധാനമായ ചാറ്റ്ജിപിറ്റിയും മറ്റും കഴിഞ്ഞ വര്‍ഷം അവസാനം എത്തി ലോകം മുന്നോട്ടുപോകാനൊരുങ്ങുന്ന പുതിയ ദിശയെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നല്ലോ. ചരിത്രത്തില്‍ ആദ്യമായാണ് എഐ ഒരു പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത് എന്നാണ് ന്യൂ സയന്റിസ്റ്റ് പറയുന്നത്.

ഡുനോട്ട്‌പേയുടെ സ്മാര്‍ട് ഫോണ്‍ ആപ് വഴി ആയിരിക്കും എഐ കോടതിയിലെ സംഭാഷണങ്ങള്‍ മുഴുവന്‍ കേള്‍ക്കുന്നതും പ്രതിക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും. എന്താണ് കോടതിയില്‍ പറയേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഇയര്‍ഫോണ്‍ വഴിയായിരിക്കും നല്‍കുക. ഏതു കോടതിയിലാണ് ഇത് അരങ്ങേറുക എന്നും പ്രതി ആരാണ് എന്നതും ഡുനോട്ട്‌പേ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തെ 2015 ലാണ് ജോഷ്വാ ബ്രൗഡര്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ കോളജ് പഠനം കഴിഞ്ഞ ഉടന്‍ അവതരിപ്പിച്ചത്. ആദ്യം അത് ബ്രിട്ടനിലെ പാര്‍ക്കിങ് ടിക്കറ്റ് സംബന്ധമായ കേസുകള്‍ക്ക് ഉപദേശം നല്‍കാനായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് അതിന്റെ പ്രവര്‍ത്തനം അമേരിക്കയിലേക്കും വ്യാപിപ്പിച്ചു.

എതിര്‍ ഭാഗത്തിന്റെ വാദം പൂര്‍ണമാകുന്നതു വരെ ഒരക്ഷരം പറയാതിരിക്കാനാണ് എഐക്ക് പരിശീലനം നല്‍കിയിരിക്കുന്നത്. എല്ലാം ഭാഷയിലെ കളിയാണ്. അതിനാണ് നൂറുകണക്കിനും ആയിരക്കണക്കിനും ഡോളര്‍ വക്കീലൻമാര്‍ ഫീസായി ഈടാക്കുന്നതെന്നും ജോഷ്വാ പറയുന്നു. ഈ സാങ്കേതികവിദ്യ ഒരു ദിവസം വക്കീലന്മാര്‍ക്കു പകരം പ്രവര്‍ത്തിക്കുമെന്നാണ് ജോഷ്വ പറയുന്നത്. ധാരാളം നല്ല വക്കീലുമാര്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിലും മറ്റും വാദിക്കും. പക്ഷേ, ഒരുപാടു വക്കീലുമാര്‍ രേഖകള്‍ വെറുതെ കോപ്പി, പെയ്സ്റ്റ് പണി നടത്തി ഭീമമായ ഫീസ് വാങ്ങി ജീവിച്ചുപോരുന്നു. ഇത്തരക്കാരെ പൂര്‍ണമായും ഒഴിവാക്കണം എന്നും ജോഷ്വാ പറയുന്നു. ഞെട്ടിക്കുന്ന സാങ്കേതികവിദ്യയായ ചാറ്റ്ജിപിറ്റിയിലും മറ്റും സേര്‍ച്ച് ചെയ്തിട്ടുള്ളവര്‍ക്ക് ഇത് വെറും വീരവാദമല്ലെന്നും മനസ്സിലാകും.

കോടതി മുറികളില്‍ ആദ്യം എഐ ഉപയോഗിച്ചു തുടങ്ങിയ രാജ്യം ചൈനയാണെന്ന് ദ് ഡെയ്‌ലി മെയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് ഇത് തുടങ്ങിയത്. കോടതി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എഐയുടെ സഹായം ചൈന തേടിയത്. നിയമങ്ങള്‍ നിര്‍ദ്ദേശിക്കാനും രേഖകള്‍ എഴുതിയുണ്ടാക്കാനും മനുഷ്യര്‍ വരുത്തിയ തെറ്റുകളെക്കുറിച്ച് അറിയിക്കാനും ഒക്കെയാണ് ഇത് ചൈന ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഓരോ കേസിലും ഇപ്പോള്‍ ചൈനയിലെ ജഡ്ജിമാര്‍ എഐയുടെ അഭിപ്രായം ചോദിക്കണമെന്നാണ് ബെയ്ജിങിലെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. എഐയുടെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആ വിശദീകരണം എഴുതി നല്‍കണമെന്നു പോലും കോടതി പറയുന്നു.

ചൈനയില്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ വക്കീലന്മാര്‍ ഇല്ലാതായേക്കാം. മറ്റു രാജ്യങ്ങളും ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുവരാം. ചൈനയിലെ എഐ, പൊലീസിന്റെ ഡേറ്റ ബേസുമായും ബന്ധിപ്പിച്ചിരിക്കുകയാണ്. ‘ഓര്‍വിലിയന്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചൈനയുടെ ക്രെഡിറ്റ് സിസ്റ്റവുമായും ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നു. ചൈനയില്‍ എഐക്ക് ഇപ്പോള്‍ ചില കേസുകളില്‍ ഓട്ടമാറ്റിക്കായി ആളുകള്‍ക്ക് ശിക്ഷ നല്‍കാനുള്ള അനുമതിയുണ്ടെന്ന് ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ വസ്തുവകകള്‍ ഓണ്‍ലൈനില്‍ ലേലത്തിനു വയ്ക്കാന്‍ പോലും എഐക്ക് അധികാരമുണ്ട്. തീരുമാനവുമില്ലാതെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് തീര്‍പ്പുണ്ടാക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടിയേക്കാം. കൂടാതെ, ചില കുറ്റകൃത്യങ്ങള്‍ക്ക് വേഗം ശിക്ഷ നല്‍കാനും എഐ സംവിധാനത്തിന് സാധിച്ചേക്കും.

സ്മാര്‍ട് കോര്‍ട്ട് സംവിധാനത്തിന് 2026ല്‍ ചൈനയില്‍ തുടക്കമാകുമെന്ന് കരുതുന്നു. നീതിനിര്‍വഹണ സംവിധാനത്തിന്റെ പക്ഷപാതരാഹിത്യവും കാര്യക്ഷമതയും വിശ്വാസ്യതയും സംരക്ഷിക്കാനായി ടെക്‌നോളജി ശക്തി പകരുന്ന സ്മാര്‍ട് കോടതി സംവിധാനം വരണമെന്ന് 2016ലാണ് ചീഫ് ജസ്റ്റിസ് ക്വിയാങ് ഷൗ അഭിപ്രായപ്പെട്ടത്. ഇതേത്തുടര്‍ന്ന് കോടതികളില്‍ റോബട് റിസെപ്ഷനിസ്റ്റുകളും ഓണ്‍ലൈനായി നിയമസഹായം നല്‍കലും കോടതികളില്‍ ഓട്ടമാറ്റിക് ശബ്ദം തിരിച്ചറിയല്‍ റെക്കോര്‍ഡര്‍ സംവിധാനവുമൊക്കെ ഏര്‍പ്പെടുത്തി. ശബ്ദം തിരിച്ചറിഞ്ഞുള്ള റെക്കോർഡിങ് കൊണ്ടുവന്നതോടെ ഇതെല്ലാം എഴുതി രേഖകളാക്കേണ്ട ജോലിയും ഇല്ലാതാക്കി. വെര്‍ച്വല്‍ കോടതി എന്ന സങ്കല്‍പവും ചൈനയില്‍ നിലിവില്‍ വന്നു. ഇതിനു പുറമെയാണ് ഇന്റര്‍നെറ്റ് കോടതി എന്ന ആശയം. ഓണ്‍ലൈന്‍ ലോണുകള്‍, ഡൊമെയ്ന്‍ കേസുകള്‍, കോപ്പിറൈറ്റ് വിഷയങ്ങള്‍ തുടങ്ങിയവ തീര്‍പ്പാക്കാനാണ് ഇന്റര്‍നെറ്റ് കോടതികള്‍ സ്ഥാപിച്ചിരിക്കുന്നത്.

Advertisement