പാരിസ്–ഡൽഹി വിമാനത്തിലും അതിക്രമം; യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചു

ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിലെ വനിത യാത്രക്കാരിക്കു നേരെ മൂത്രമൊഴിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ എയർ ഇന്ത്യയുടെ പാരിസ്–ഡൽഹി വിമാനത്തിലും യാത്രക്കാരൻ മൂത്രമൊഴിച്ചെന്ന മറ്റൊരു പരാതിയും ഉയർന്നിരിക്കുകയാണ്.

സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചെന്നാണു പരാതി. ഡിസംബർ ആറിന് എയർ ഇന്ത്യ ഫ്ലൈറ്റ് 142 വിമാനത്തിലാണു സംഭവം. യാത്രക്കാരൻ മദ്യപിച്ചിരുന്നെന്നു റിപ്പോർട്ടുണ്ട്. യാത്രക്കാരനെ സിഐഎസ്എഫ് തടഞ്ഞുവെങ്കിലും പരാതി ഇല്ലാത്തതിനാൽ വിട്ടയയ്ക്കുകയായിരുന്നു. യാത്രക്കാരൻ മാപ്പ് എഴുതി നൽകിയിരുന്നു.

നവംബർ 26ന് ന്യൂയോർക്കിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ-102 വിമാനത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ബിസിനസ് ക്ലാസിൽ വനിത യാത്രക്കാരിക്കുനേരെ സഹയാത്രികൻ മൂത്രമൊഴിക്കുകയായിരുന്നു. വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോൾ അക്രമം നടത്തിയയാൾ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തിൽനിന്നു പുറത്തുപോവുകയായിരുന്നു.

തുടർന്ന് യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനു പരാതി നൽകിയതിനുശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചത്. യാത്രക്കാരന് 30 ദിവസത്തേക്ക് എയർ ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.

Advertisement