വിവാഹത്തെയും വിവാഹമോചനത്തെയും പറ്റി തുറന്ന് പറച്ചിലുമായി ചലച്ചിത്രതാരം ലെന

ആറാം ക്ലാസ് മുതൽ പ്രണയിച്ച സുഹൃത്തിനെ വിവാഹം കഴിക്കുകയും സൗഹൃദം സൂക്ഷിച്ചുകൊണ്ട് വിവാഹമോചനം നേടുകയും ചെയ്ത കഥ പറഞ്ഞ് നടി ലെന. കുറേനാൾ ഒരുമിച്ച് താമസിച്ചപ്പോൾ കണ്ടു കണ്ട് മടുത്തെന്നും ഇനി ലോകം കാണാം എന്നു തമ്മിൽ പറഞ്ഞ് കൈകൊടുത്തു പിരിയുകയായിരുന്നുവെന്നും ലെന പറയുന്നു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ വിവാഹജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞ് ലെന എത്തിയത്.

‘‘എനിക്ക് ആറാം ക്ലാസ് മുതൽ ഒരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു. ആ ബോയ് ഫ്രണ്ടിനെത്തന്നെ കല്യാണം കഴിച്ചു. കുറേക്കാലം സന്തോഷമായി ജീവിച്ചതിനു ശേഷം ഞങ്ങൾ പറഞ്ഞു, ‘‘ആറാം ക്ലാസ് മുതൽ ഞാൻ നിന്റെ മുഖവും നീ എന്റെ മുഖവും മാത്രമല്ലേ കാണുന്നുള്ളൂ. നീ പോയി ലോകമൊക്കെ ഒന്ന് കാണൂ, ഞാനും കാണട്ടെ എന്ന്’’, അങ്ങനെ തമ്മിൽ പറഞ്ഞ് ഞങ്ങൾ ഡിവോഴ്സ് ചെയ്തു. ഞങ്ങൾ വളരെ സൗഹൃദപൂർവമാണ് പിരിഞ്ഞത്.

ഇതുപോലെ സൗഹൃദം സൂക്ഷിച്ചുകൊണ്ടു പിരിഞ്ഞ മറ്റൊരു ദമ്പതിമാരും കാണില്ല. കോടതിയിൽ ഹിയറിങ്ങിനു പോയതുപോലും ഞങ്ങൾ ഒരുമിച്ചാണ്. ഒരു ദിവസം വക്കീൽ പറഞ്ഞു, കുറച്ചു താമസമുണ്ടെന്ന്. കോടതിയിൽ അന്ന് വേറെ എന്തോ വലിയ കേസിന്റെ വിചാരണ നടക്കുകയാണ്. വക്കീൽ കുറച്ചു കഴിഞ്ഞു വന്നു നോക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചിരുന്ന് ഒരു ഗുലാബ് ജാമുൻ പങ്കിട്ട് കഴിക്കുകയാണ്. അപ്പോൾ വക്കീൽ ചോദിച്ചു, നിങ്ങൾ വിവാഹമോചനത്തിന് തന്നെയല്ലേ വന്നതെന്ന്. രസകരമായ ഈ സംഭവം ഞാൻ എന്നെങ്കിലും സിനിമയെടുക്കുമ്പോൾ എഴുതണം എന്ന് വിചാരിച്ചിട്ടുള്ള സീനാണ്. അത്രയും വളരെ രസകരമായ ജാങ്കോ ലൈഫ് ആയിരുന്നു എന്റെ വിവാഹ ജീവിതം.’’–ലെന പറഞ്ഞു.

സിദ്ദീഖും ലെനയും പ്രധാന വേഷങ്ങളിലെത്തുന്ന ‘എന്നാലും ന്റെളിയാ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുന്നതിടെയാണ് ലെന ഇക്കാര്യം വെളിപ്പെടുത്തിയത്. സിദ്ദീഖുമായുള്ള രസകരമായ കെമിസ്ട്രിയെക്കുറിച്ചും ലെന സംസാരിച്ചു. 18 സിനിമകളിൽ ലെനയും സിദ്ദീഖും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

‘‘ഞാൻ സിനിമയിലെത്തിയിട്ട് ഇരുപത്തിയഞ്ച് വർഷം പൂർത്തിയായി. ആദ്യത്തെ 10 വർഷം ഞാൻ അറിയപ്പെട്ടത് ദുഃഖപുത്രിയായിട്ടാണ്. പിന്നെയുള്ള 10 വർഷം ബോൾഡ് ലേഡിയായി. ഇനിയുള്ള 10 വർഷം എങ്ങനെയാകുമെന്ന് നമുക്ക് നോക്കി അറിയാം. ഇപ്പോഴും മെയിൻസ്ട്രീം സിനിമയിൽ സജീവമായി നിൽക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. നല്ല സ്റ്റാർ കാസ്റ്റിനും പ്രൊഡക്‌ഷൻ ഹൗസിനുമൊപ്പം വർക്ക് ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ജീവിതത്തിലെ മഹാഭാഗ്യമായാണ് ഇതിനെ കാണുന്നത്.

എന്റെ ആദ്യത്തെ സിനിമ ജയരാജ് സംവിധാനം ചെയ്ത സ്നേഹമായിരുന്നു. അന്ന് മുഴുനീളമുള്ള കഥാപാത്രമായി ഞാൻ അഭിനയിച്ചത് സിദ്ദീഖ് ഇക്കയുടെ കൂടെയാണ്. അതിലൊരു കല്യാണം കഴിക്കുന്ന രംഗമുണ്ട്. ഞാനന്ന് പതിനൊന്നാം ക്ലാസിൽ പഠിക്കുകയാണ്. ശരിക്കും ഇക്ക എന്നെ ആ സിനിമയിൽ റാഗ് ചെയ്തു. ഇപ്പോൾ ഈ സീനിൽ താലി മൂന്നു കെട്ട് കെട്ടിയാൽ ഇനിയുള്ള സിനിമകളിലെല്ലാം എന്റെ ഭാര്യയായി അഭിനയിക്കേണ്ടി വരുമെന്ന്. അത് കേട്ട് ഞാൻ ചെറുതായി പേടിപ്പിച്ചിരുന്നു.

അതിന് ശേഷം ഒരു വർഷം കഴിഞ്ഞ് കൊച്ചുകൊച്ചു സന്തോഷങ്ങളിൽ ഞാൻ ഇക്കയുടെ ഭാര്യയായി അഭിനയിച്ചു. അങ്ങനെ ഇപ്പോൾ 18 സിനിമയിലായി. 18 എന്റെ ലക്കി നമ്പറാണ്. കരിയർ നോക്കുകയാണെങ്കിൽ എന്റെ ഏറ്റവും നല്ല ചില ക്യാരക്ടറുകൾ സിദ്ദിഖ് ഇക്കയുടെ കൂടെയാണ്. വെള്ളിമൂങ്ങ, റ്റു ഹരിഹർ നഗർ, ഗോസ്റ്റ് ഹൗസ് ഇൻ അങ്ങനെ ഒരുപാട് പടങ്ങളിൽ ഞാൻ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചു

ഇത്രയും സിനിമകൾ വച്ച് നോക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ടതായി തോന്നുന്നത് ഈ സിനിയാണ്. കരീമിക്കയും സുലുവും. യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുന്നതിന് തുല്യമാണ് നമ്മളൊരു സിനിമ മുഴുവനും സിദ്ദീഖ് ഇക്കയുടെ കൂടെ ജോലി ചെയ്യുന്നത്. അങ്ങനെയൊരു 25 വർഷത്തെ യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞതിന്റെ റിസൽട്ടായിരിക്കും ഈ സിനിമ.’’–ലെന പറഞ്ഞു.

Advertisement