വിശ്വാസ വഞ്ചന: മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമാതാക്കൾക്കെതിരെ കേസെടുത്തു

കൊച്ചി:മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ സിനിമ മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമാതാക്കൾക്കെതിരെ കേസെടുത്തു. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ്.
കേസുമായി ബന്ധപ്പെട്ട് പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു. ചിത്രത്തിന്റെ നിർമാണത്തിന് ഏഴ് കോടി രൂപ മുതൽമുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

നാൽപത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിർമാതാക്കൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽ മുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം. ഇതുകൂടാതെ ഒടിടി പ്ലാറ്റ്‌ഫോം റൈറ്റ്‌സ് നൽകിയതിലൂടെ 20 കോടിയോളം രൂപ നിർമാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

Advertisement