​ഗുജറാത്ത് കലാപം: നരേന്ദ്രമോദിക്കെതിരെയുള്ള ​ഗൂഢാലോചനയ്ക്ക് പിന്നിൽ സോണിയാ ​ഗാന്ധിയെന്ന് ബിജെപി

​ഗുജറാത്ത് കലാപം: നരേന്ദ്രമോദിക്കെതിരെയുള്ള ​ഗൂഢാലോചനയ്ക്ക് പിന്നിൽ സോണിയാ ​ഗാന്ധിയെന്ന് ബിജെപി
ന്യൂഡൽഹി∙ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഗൂഢാലോചന നടത്തിയെന്ന ഗുജറാത്ത് പൊലീസിന്റെ വെളിപ്പെടുത്തലിനോടു പ്രതികരിച്ച് ബിജെപി. അഹമ്മദ് പട്ടേൽ ഇടപെട്ടിട്ടുണ്ടെങ്കിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഗൂഢാലോചനയെ കുറിച്ച് അറിവുണ്ടാകുമെന്നും, വെളിപ്പെടുത്തലിൽ സോണിയ മറുപടി പറയണമെന്നും ബിജെപി പ്രതികരിച്ചു.

ഗോധ്ര കലാപാനന്തരം സാമൂഹികപ്രവർത്തകയായ ടീസ്റ്റ സെതൽവാദ് 30 ലക്ഷം രൂപ സ്വീകരിച്ചുവെന്നാണു സാക്ഷിമൊഴി. എന്നാൽ ടീസ്റ്റയെ സ്വാധീനിക്കാൻ അഹമ്മദിനെ പ്രേരിപ്പിച്ചത് സോണിയ ഗാന്ധിയാണെന്നും പത്രസമ്മേളനത്തിൽ ബിജെപി ദേശീയ വക്താവ് സാംബിത് പാത്ര ആരോപിച്ചു.

ഹൈക്കമാൻഡിന്റെ തീരുമാനം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഇടനിലക്കാരൻ മാത്രമായിരുന്നു അഹമ്മദ് പട്ടേൽ എന്നും പാത്ര ആരോപിച്ചു. നരേന്ദ്ര മോദിക്കെതിരെ ഗൂഢാലോചന നടത്താൻ പണം സമാഹരിച്ച് ടീസ്റ്റ സെതൽവാദിനു പട്ടേൽ വഴി പണം നൽകിയത് സോണിയ ഗാന്ധിയാണെന്നും സാംബിത് പാത്ര ആരോപിച്ചു.

എന്നാൽ ഗുജറാത്ത് പൊലീസിന്റെയും ബിജെപിയുടെയും ആരോപണങ്ങളോട് രൂക്ഷഭാഷയിലാണ് കോൺഗ്രസ് പ്രതികരിച്ചത്. ഗുജറാത്ത് കലാപക്കേസിൽ നിന്ന് കൈകഴുകാൻ നരേന്ദ്ര മോദി തയാറാക്കിയ തിരക്കഥയാണ് ഗുജറാത്ത് പൊലീസിന്റെ വെളിപ്പെടുത്തൽ എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. രാഷ്ട്രീയ പ്രതികാരത്തിൽ നിന്ന് മരിച്ചവരെ പോലും നരേന്ദ്ര മോദി ഒഴിവാക്കുന്നില്ല. പ്രത്യേക അന്വേഷണ സംഘം മോദിയുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് ദേശീയ നേതൃത്വം പത്രക്കുറിപ്പിൽ ആരോപിച്ചു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ എന്ന നിലയിൽ തങ്ങളുടെ ആരോപണങ്ങൾ മാധ്യമങ്ങൾക്കു നൽകുകയാണെന്ന് ബിജെപി ചെയ്യുന്നതെന്നും അഹമ്മദ് പട്ടേലിനെതിരായ ആരോപണങ്ങളിൽ തെല്ലും വാസ്തവമില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു.

ടീസ്റ്റയുടെ ജാമ്യഹർജിയെ കോടതിയിൽ എതിർക്കുമ്പോഴാണു ഗുജറാത്ത് പൊലീസ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ കുറ്റക്കാരാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അടുത്തിടെ ടീസ്റ്റയെയും മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ ആർ.ബി.ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും അറസ്റ്റ് ചെയ്തിരുന്നു. 2002ലെ കലാപത്തിനു ശേഷം ഗുജറാത്തിലെ ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ അഹമ്മദ് പട്ടേലിന്റെ അറിവോടെ നടത്തിയ വൻഗൂഢാലോചനയുടെ ഭാഗമായിരുന്നു ടീസ്റ്റയെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

Advertisement