ന്യൂഡല്‍ഹി: കേന്ദ്രീകൃത പെന്‍ഷന്‍ വിതരണ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കാനൊരുങ്ങി ഇപിഎഫ്ഒ. ഈ മാസം 29നും മുപ്പതിനും നടക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച ശുപാര്‍ശ അംഗീകരിക്കുമെന്നാണ് സൂചന.

ഇതിലൂടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ 73ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്ക് ഒരേ ദിവസം തന്നെ പെന്‍ഷന്‍വിതരണം ചെയ്യാനാകും. പെന്‍ഷന്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരേ ദിവസം തന്നെ എത്തിക്കാനാണ് ശ്രമം. രാജ്യമെമ്പാടുമായി നിലവില്‍ 138 പ്രാദേശിക കേന്ദ്രങ്ങളാണ് എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട് ഓര്‍ഗനൈസേഷന് ഉള്ളത്. ഓരോ പ്രദേശത്തും ഓരോ നയമാണ് പെന്‍ഷന്‍ വിതരണത്തില്‍ ഇവര്‍ പിന്തുടരുന്നത്. അത് കൊണ്ട് തന്നെ വ്യത്യസ്ത ദിവസങ്ങളിലും സമയത്തുമാണ് ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാറുള്ളത്.

ഇതിന് ഒരു കേന്ദ്രീകൃത സംവിധാനം കൊണ്ടുവരാനാണ് ഇപിഎഫ്ഒയുടെ ഉന്നതതലതീരുമാനം. കേന്ദ്രീകൃത ഡേറ്റബെയ്‌സ് സംവിധാനമാകും ഈ 138 പ്രാദേശിക ഓഫീസുകള്‍ക്കും പകരമായി കൊണ്ടുവരിക. ഇതിലൂടെ 73 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഒരേസമയം തന്നെ അവരുടെ അക്കൗണ്ടുകളിലേക്ക് പണമെത്തും.

കേന്ദ്രതൊഴില്‍ മന്ത്രാലയവും ഈ നീക്കത്തെ അംഗീകരിച്ചു. സിഡാക്കിന്റെ കൂടി സഹകരണത്തോടെയാകും പുതിയ മാറ്റം നടപ്പാക്കുക.