മുംബൈ: കഴിഞ്ഞാഴ്ച കുര്‍ളയില്‍ ഒരു കെട്ടിടം തകര്‍ന്ന് വീണ് 19 വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. പതിനാല് പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ നാശോന്‍മുഖമായ കെട്ടിടങ്ങളില്‍ ജീവനും കയ്യില്‍ പിടിച്ച് ജീവിക്കുന്നവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഈ അപകടം വഴി തുറന്നിരിക്കുന്നത്.

ഇക്കൊല്ലം കോര്‍പ്പറേഷന്‍ അധികൃതര്‍ 122 കെട്ടിടങ്ങളാണ് പൊളിച്ച് നീക്കിയത്. നഗരത്തില്‍ ഇപ്പോഴും അപകടകരമായ 199 കെട്ടിടങ്ങളിലായി ആയിരക്കണക്കിന് പേര്‍ കഴിയുന്നുണ്ടെന്ന കണക്കുകളാണ് പുറത്ത് വരുന്നത്. അതേസമയം 131 കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞുപോകണമെന്ന നിര്‍ദ്ദേശത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുമുണ്ട്.

മഴക്കാല പൂര്‍വ സര്‍വേയില്‍ 337 കെട്ടിടങ്ങള്‍ വാസയോഗ്യമല്ലെന്ന് കണടെത്തിയിരുന്നു. പിന്നീട് കോര്‍പ്പറേഷന്‍ അധികൃതര്‍ 45 അപകടകരമായ കെട്ടിടങ്ങളെ കൂടി ഈ പട്ടികയിലേക്ക് ചേര്‍ത്തു. മുപ്പത് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള കെട്ടിടങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. സര്‍വേ പ്രകാരം വിവിധ വിഭാഗങ്ങളിലായി ഈ കെട്ടിടങ്ങളെ അധികൃതര്‍ തരം തിരിച്ചിട്ടുണ്ട്. പൂര്‍ണമായും ഭാഗികമായും പൊളിച്ച് നീക്കേണ്ട വിഭാഗങ്ങളിലായി ഇവയെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇതിന് പുറമെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കേണ്ടവയും ഈ പട്ടികയിലുണ്ട്. പൂര്‍ണമായും പൊളിച്ച് നീക്കേണ്ടവയെ സി1 വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ നഗരത്തില്‍ 455 അപകടകരമായ കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 122 എണ്ണം പൊളിച്ച് നീക്കി. പതിനേഴ് കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി. ഇക്കൊല്ലം മഴക്കാലത്തിന് മുമ്പായി 117 കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു. വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചിട്ടും ചില കെട്ടിടങ്ങളില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞ് പോകാന്‍ കൂട്ടാക്കിയിട്ടില്ല. ഇവര്‍ക്ക് താമസിക്കാനായി പക്ഷേ അധികൃതര്‍ ബദല്‍ സംവിധാനം ഒരുക്കിയിട്ടുമില്ല. അത് കൊണ്ട് തന്നെ ഇവരെ ബലം പ്രയോഗിച്ച് ഇവരെ ഒഴിപ്പിക്കാനാകുന്നില്ലെന്നും അധികൃതര്‍ നിസാഹായത പ്രകടിപ്പിക്കുന്നു.

പൊളിക്കാനുള്ള 199 കെട്ടിടങ്ങളില്‍ ഇപ്പോഴും താമസക്കാരുണ്ട്. ഇവരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ 131 കെട്ടിട ഉടമകളാണ് ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. അവര്‍ സ്റ്റേ ഉത്തരവും സമ്പാദിച്ചിട്ടുണ്ട്. 49 കെട്ടിടങ്ങളുടെ വൈദ്യുതിയും ജലവിതരണവും അധികൃതര്‍ വിച്ഛേദിച്ചിട്ടുണ്ട്. ഒന്‍പത് കെട്ടിടങ്ങള്‍ സാങ്കേതിക വിദഗ്ദ്ധരുടെ പരിഗണനയിലാണ്.