കുട്ടിക്കാലത്ത് ശാരീരികമായി ചൂഷണം ചെയ്യപ്പെട്ട കുട്ടികള്‍ വയസാകുമ്പോള്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളില്‍ പെടുന്നുവെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടവരില്‍ വയസാകുമ്പോള്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണപ്പെടുന്നതായി പഠനം. ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

വിട്ടുമാറാത്ത ശാരീരിക വേദനകളടക്കമുള്ള പ്രശ്‌നങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ഏജിംഗ് ആന്‍ഡ് ഹെല്‍ത്ത് റിസര്‍ച്ച് എന്ന മാസികയിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത്തരം മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്ന് പോകാത്തവരെ അപേക്ഷിച്ച് വിഷാദാവസ്ഥയും ഉത്കണ്ഠയും ഇവരില്‍ ഇരട്ടിയായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. കുട്ടിക്കാലത്തുണ്ടാകുന്ന മോശം അനുഭവങ്ങള്‍ വ്യക്തികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ പതിറ്റാണ്ടുകള്‍ക്ക് ശേഷവും സാരമായി ബാധിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ എല്ലാ പ്രായത്തിലുമുള്ള രോഗികളുടെ കുട്ടിക്കാലത്തെ ദുരനുഭവങ്ങളെക്കുറിച്ച് പരിശോധിക്കണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അന്ന ബര്‍ഹ്‌മാന്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ ബിരുദ പഠനത്തിന്റെ ഭാഗമായുള്ള തീസിസിന് വേണ്ടിയാണ് ഇവര്‍ ഈ പഠനം നടത്തിയത്.

പ്രമേഹം, അര്‍ബുദം, തലവേദന, വാതം, ഹൃദ്രോഗം, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് ഇത്തരക്കാരില്‍ പ്രധാനമായും കാണാറുള്ളത്. ഇതിന് പുറമെ സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസം, പുകവലി, മദ്യപാനം. തുടങ്ങിയവയും രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. എങ്കിലും കുട്ടിക്കാലത്തെ ശാരീരിക ചൂഷണവും ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് പഠനം അടിവരയിട്ട് വ്യക്തമാക്കുന്നു.

അത് കൊണ്ട് പ്രായമായവരെയും കൗണ്‍സിലിംഗിന് വിധേയമാക്കുന്നത് നന്നായിരിക്കും. ഇക്കാര്യത്തില്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. ബിഹേവിയറല്‍ തെറാപ്പി അടക്കമുള്ളവ ഇത്തരക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാണെന്നും പഠനത്തില്‍ സഹായിച്ച പ്രൊഫസര്‍ എസ്‌മെ ഫുള്ളര്‍ തോംസണ്‍ പറയുന്നു. കുട്ടിക്കാലത്തെ ശാരീരിക ചൂഷണങ്ങള്‍ നിരവധി മാനസിക വ്യത്ിയാനങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഇത് സ്ത്രീപുരുഷന്‍മാരില്‍ എങ്ങനെയാണ് എന്നതിനെക്കുറിച്ച് ഒരു വ്യക്തത വരുത്താന്‍ ഈ പഠനത്തിന് സാധിച്ചിട്ടില്ല.
അറുപത് വയസിന് മുകളിലുള്ളവരിലാണ് ഈ പഠനം നടത്തിയത്.

Advertisement