അടിവസ്ത്രത്തിനുള്ളിൽ വച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ, സ്വർണം കടത്താൻ ശ്രമിച്ചത് പേസ്റ്റ് രൂപത്തിൽ

ഷാർജ/ ന്യൂഡൽഹി ∙ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ഇന്ത്യയിലേയ്ക്ക് സ്വർണം കടത്താൻ ശ്രമിച്ച ഷാർജയിൽ നിന്നുള്ള യാത്രക്കാരിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൂന്നു ലക്ഷം ദിർഹം (81,688 ഡോളർ) വിലമതിക്കുന്ന ഒന്നരകിലോ സ്വർണമാണ് യുവതി കടത്താൻ ശ്രമിച്ചത്.
യുഎഇയിൽ നിന്ന് വിമാനത്തിൽ ഇന്ത്യയിലെത്തിയ യുവതിയുടെ ശരീരഭാഷയിൽ സംശയം തോന്നിയ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടയുകയായിരുന്നു. അടിവസ്ത്രത്തിൽ അറകളുണ്ടാക്കി പേസ്റ്റ് രൂപത്തിലുള്ള സ്വർണം വച്ചായിരുന്നു കള്ളക്കടത്ത് ശ്രമം. ഇത് എങ്ങനെ ഒളിപ്പിച്ചുവെന്ന് കാണിക്കുന്ന ഹ്രസ്വ വിഡിയോ ഡൽഹി കസ്റ്റംസ് (എയർപോർട് ആൻഡ് ജനറൽ) പിന്നീട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.

യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണം കടത്താൻ യാത്രക്കാർ ലോഹം, വസ്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ബാഗേജുകൾ, പല്ലുകൾ, വിഗ്ഗുകൾ തുടങ്ങിയ വഴികൾ പരീക്ഷിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് തീരുവ നൽകാതിരിക്കാനാണ് സ്വർണം ഇത്തരത്തിൽ ഒളിപ്പിച്ചുകടത്തുന്നത്. ഇതിലൂടെ ലഭിക്കുന്ന പണമാണ് ഇവരുടെ ലാഭം.

യുഎഇയിൽ നിന്ന് നികുതിയില്ലാതെ കൊണ്ടുപോകാവുന്ന സ്വർണത്തിന് പരിധിയില്ലെങ്കിലും രാജ്യത്തേയ്ക്ക് കൊണ്ടുപോകുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ 10.75 ശതമാനമാണ് ഇന്ത്യ ഈടാക്കുന്നത്. ദുബായിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന വസ്തുക്കളിലൊന്ന് സ്വർണമാണ്. 2020ൽ യുഎഇയിൽ വ്യാപാരം നടന്ന സ്വർണത്തിന്റെ മൂല്യം ഏകദേശം 57 ബില്യൺ ഡോളറായിരുന്നു, 112 രാജ്യങ്ങൾ ദുബായിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്തു.

Advertisement