പടിഞ്ഞാറെ കല്ലടയിൽ കല്ലടയാറിനോട് ചേർന്നുള്ള റോഡ് വീണ്ടു കീറുന്നു; ഭീതിയോടെ നെൽപ്പുരക്കുന്ന് ഗ്രാമം

കടപുഴ : പടിഞ്ഞാറെ കല്ലട നെൽപ്പുരക്കുന്നിന് സമീപം കല്ലടയാറിനോട് ചേർന്ന് പാതയോരത്ത് വീണ്ടും വിള്ളൽ.കല്ലടയാറിന്റെ തീരത്തുകൂടി കടന്നുപോകുന്ന റോഡിൽ മുൻപ് നിരവധി തവണ വിള്ളൽ രൂപം കൊണ്ടിട്ടുണ്ട്.ബണ്ട് റോഡ് നിർമ്മാണത്തിലെ അപാകത മൂലമാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.കാലവർഷം ആരംഭിച്ചതോടെ കല്ലടയാറ്റിൽ ജലനിരപ്പുയരാൻ സാധ്യതയേറെയാണ്.

നെൽപ്പുരക്കുന്നിന് സമീപം വിള്ളൽ വീണ ആറ്റ് ബണ്ട് റോഡ്‌


ജലനിരപ്പുയർന്നാൽ റോഡ് കല്ലടയാറ്റിൽ പതിക്കുകയും സമീപത്തെ നൂറുകണക്കിന് വീടുകളിലേക്ക് വെള്ളം കയറാനും സാധ്യതയുണ്ട്.നെൽപ്പുരക്കുന്ന് ഗ്രാമം പൂർണമായും കല്ലടയാറ്റിൽ പതിക്കാൻ ഇടയാക്കിയേക്കാം.ഇതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.വർഷങ്ങൾക്കു മുമ്പ് ഇവിടെ റോഡ് പകുതിയോളം കല്ലടയാർ കവർന്നിരുന്നു.ഏറെ നാളത്തെ
പ്രതിഷേധത്തിനൊടുവിലാണ് പുനർനിർമ്മിച്ചത്.റോഡിൽ വിള്ളൽ ഉണ്ടാകുമ്പോൾ അധികൃതരെത്തി കോൺക്രീറ്റ് മിശ്രിതം കൊണ്ട് വിള്ളൽ അടച്ച ശേഷം ടാർ പൂശി മടങ്ങുകയാണെന്ന പരാതിയുണ്ട്.

വിള്ളൽ ഉണ്ടായ ഭാഗത്ത് റോഡിന് അടിഭാഗത്തേക്ക് കല്ലടയാറ്റിൽ നിന്ന് ശക്തമായ ജലപ്രവാഹം ഉണ്ടാകുന്നതാണ് വിള്ളലിന് കാരണമത്രേ.ഇത് ഒഴിവാക്കാൻ ഈ ഭാഗത്ത് സൈഡ് വാൾ കെട്ടിയ ശേഷം അടിവശത്ത് നിന്നും പാറ കെട്ടി ഉയർത്തുകയും പിന്നീട് ടാറിംഗ് നടത്തുകയുമാണ് വേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.അടുത്തിടെയാണ് നെൽപ്പുരക്കുന്ന് ഭാഗം ഗതാഗത യോഗ്യമാക്കിയിരുന്നു.എന്നാൽ അധികം വൈകാതെ രണ്ടാഴ്ച മുമ്പ് റോഡ് വീണ്ടുകീറുകയും ചെയ്തു.വിള്ളൽ വീണ ഭാഗത്ത് ടാർ വീപ്പകൾ നിരത്തി വച്ചാണ് അധികൃതർ വാഹന – കാൽനട യാത്രികരെ നിയന്ത്രിച്ചിരിക്കുന്നത്.

എന്നാൽ രാത്രികാലങ്ങളിൽ ഇത് അപകടം സൃഷ്ടിക്കുന്നതായും പറയപ്പെടുന്നു.ഗവ.ഹയർ സെക്കന്ററി സ്കൂളടക്കം പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് നെൽപ്പുരക്കുന്നിലാണ്.ബസ്സ് സർവ്വീസും ഇതുവഴിയുണ്ട്.എന്നാൽ റോഡ് വിണ്ടുകീറുന്നത് ഇവിടേക്ക് എത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്.

Advertisement