കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ ഓടയുണ്ട്,മൂടിയില്ല:അപകടം പതിവ്

Advertisement

കുന്നത്തൂർ . കുന്നത്തൂർ നെടിയവിള ക്ഷേത്രം ജംഗ്ഷനിൽ നിന്നും പുത്തനമ്പലം – കടമ്പനാട് ഭാഗത്തേക്കുള്ള റോഡിന്റ തുടക്കഭാഗത്തെ ഓട അപകട ഭീഷണിയാകുന്നു. ഓടയ്ക്ക് മൂടി ഇല്ലാത്തതാണ് പ്രശ്നമായിരിക്കുന്നത്.പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്, ഹോമിയോ ആശുപത്രി ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തിരക്കേറിയ ജംഗ്ഷനാണിത്.പുത്തനമ്പലം ഭാഗത്തേക്ക് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നതും ഓടയോട്
ചേർന്നുള്ള ഭാഗത്താണ്. യാത്രാ സൗകര്യം കുറവായ ഇവിടേക്ക് മണിക്കൂറുകളുടെ ഇടവേളയിലാണ് ബസ് എത്തുന്നത്.സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ബസ് കാത്ത് നിൽക്കുന്നത്.ബസ് എത്തുമ്പോൾ കയറാനുള്ള തിക്കിലും തിരക്കിലുംപ്പെട്ട് യാത്രക്കാർ ഓടയിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്.കാൽ ഒടിയുന്നതടക്കം ഗുരുതര പരിക്കുകൾ സംഭവിച്ചവരും നിരവധിയാണ്.

രാത്രിയിൽ ഓടയ്ക്ക് സമീപമിരുന്ന സ്കൂട്ടറിൽ കയറവേ കാൽ തെറ്റി ഓടയിലേക്ക് വീണ് ഒരാൾ മരിച്ചിട്ടും അധികൃതർ കണ്ണു തുറന്നില്ല.ഓടയ്ക്ക് സമീപമുള്ള കടകളിലേക്ക് കയറാൻ അവർ തന്നെ സ്ലാബുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും ഫലപ്രദമല്ല.ഇരുചക്ര – സൈക്കിൾ യാത്രക്കാരും അപകടത്തിൽപ്പെടുന്നു.മഴക്കാലത്ത് ഓട നിറഞ്ഞൊഴുകുന്നതിനാൽ പാതയോരത്ത് നിൽക്കാനും കഴിയില്ല.രാത്രിയായാൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതും ഓടയിൽ ആളുകൾ വീഴാൻ കാരണമാകുന്നു.കൊട്ടാരക്കര – ശാസ്താംകോട്ട,പുത്തനമ്പലം – കടമ്പനാട് റോഡുകളിലായാണ് ഓട കടന്നുപോകുന്നത്.ഇരു പാതകളും പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ്.
വർഷങ്ങളായി കോവൂർ കുഞ്ഞുമോൻ എംഎൽഎയ്ക്ക് നിവേദനം നൽകിയിട്ടും നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും അദ്ദേഹം നിസംഗത തുടരുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.പഞ്ചായത്ത് ഓഫീഡിന്റെ മൂക്കിൻ തുമ്പത്താണെങ്കിലും അവരും നടപടിയെടുക്കാൻ തയ്യാറാകുന്നില്ല.

Advertisement