പട്ന: ബിഹാറിലെ ഭോജ്പൂർ ജില്ലയിൽ വിവാഹച്ചടങ്ങിനിടെയുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാക്കിയ ഗ്രാമത്തിലായിരുന്നു സംഭവം. രാഹുൽ കുമാർ, ദീപക് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ 18കാരനായ സോനു കുമാർ ചികിത്സയിലാണ്.
രണ്ട് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. പത്മിനിയ ഗ്രാമത്തിൽനിന്നെത്തിയ വിവാഹസംഘം ചടങ്ങുകൾക്കുശേഷം ഭക്ഷണം കഴിച്ച് സംസാരിച്ചുനിൽക്കുന്നതിനിടെ രാത്രി 11.30ഓടെ അക്രമികൾ തോക്കുകളുമായി എത്തി വെടിയുതിർക്കുകയായിരുന്നു.
ഗൗസ്ഗഞ്ച് സ്വദേശികളായ ധീമൻ യാദവ്, ആശിഷ് യാദവ് എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ കൃത്യമായ കാരണം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് എസ്ഡിപിഒ സുശീൽ കുമാർ പറഞ്ഞു.


























