ചിന്നക്കനാൽ: ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യത്തിൽ ആദ്യ മയക്കുവെടിയുതിർത്തു. ചിന്നക്കനാൽ 301 കോളനിയിലെ ഓമനക്കുഴി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആനയ്ക്കു നേരെയാണ് ദൗത്യസംഘം ആദ്യ ഡോസ് മയക്കുവെടി പ്രയോഗിച്ചത്. ഇതോടെ മിഷൻ ചക്കക്കൊമ്പൻ നിർണായക ഘട്ടത്തിലെത്തി.
ആന ചതുപ്പുനിലത്ത് നിലയുറപ്പിച്ചത് തുടക്കത്തിൽ ദൗത്യസംഘത്തിന് വെല്ലുവിളിയായി. ചതുപ്പിൽ മയക്കുവെടി വയ്ക്കുന്നത് അപകടകരമായതിനാൽ പടക്കം പൊട്ടിച്ച് ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിയ ശേഷമാണ് വെടിവച്ചത്. മയക്കുവെടിയേറ്റ ആനയെ നിയന്ത്രിക്കാൻ വിക്രം, ഭരത് എന്നീ കുങ്കിയാനകളെ സ്ഥലത്തെത്തിക്കും. റേഡിയോ കോളർ ഘടിപ്പിക്കാൻ ഏകദേശം ഒരു മണിക്കൂർ വേണ്ടിവരുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിൽ ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിനോദസഞ്ചാരത്തിനും നിയന്ത്രണമേർപ്പെടുത്തി. സ്കൂളുകൾക്ക് അവധി നൽകി. ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികൾ വീടുകളിൽനിന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്നും ദൗത്യമേഖലയിലേക്ക് പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
കാട്ടാനയെ കാണാൻ ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്. വനം, പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും ദൗത്യസംഘത്തിനും മാത്രമാണ് ദൗത്യസ്ഥലത്തേക്ക് പ്രവേശനം. ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിക്കുകയും ജനങ്ങൾക്ക് ഭീഷണിയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാൻ തീരുമാനിച്ചത്.

























