മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ താപി നദിയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ജൽഗാവ് ജില്ലയിലെ അമൽനേർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടീൽ എന്നിവരുടെ മൃതദേഹങ്ങളാണ് സാവൽഡെ പ്രദേശത്ത് നദിയുടെ അടിത്തട്ടിൽനിന്ന് കണ്ടെടുത്തത്.
കാലുകൾ ഇരുമ്പുചങ്ങല ഉപയോഗിച്ച് കൂട്ടിക്കെട്ടി പൂട്ടിട്ട നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പൊലീസ് അറിയിച്ചു. ഏതാനും മാസങ്ങൾക്കു മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്.
സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യവും കാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിലായിരുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമാക്കും.




























