Home News Breaking News പ്രധാനമന്ത്രി മാപ്പ് നൽകിയിട്ടും എഫ്ഐആർ പോലും പിൻവലിച്ചിട്ടില്ല, പെൺകുട്ടിക്കെതിരെ ഇപ്പോഴും ആക്രമണം തുടരുന്നുവെന്ന് സിജെപി

പ്രധാനമന്ത്രി മാപ്പ് നൽകിയിട്ടും എഫ്ഐആർ പോലും പിൻവലിച്ചിട്ടില്ല, പെൺകുട്ടിക്കെതിരെ ഇപ്പോഴും ആക്രമണം തുടരുന്നുവെന്ന് സിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് നൽകുന്നുവെന്ന് പ്രഖ്യാപിച്ചിട്ടും സി ജെ പി പ്രതിഷേധത്തിനിടെ വിവാദത്തിലായ 15 വയസുള്ള പെൺകുട്ടിക്കെതിരെ ആക്രമണം തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി സി ജെ പി രംഗത്ത്. അധിക്ഷേപ പരാമർശത്തിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ പോലും ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് സി ജെ പി വക്താവ് രത്ന സിംഗ് പറഞ്ഞു.

Also Read: വീടിനുള്ളിലെ ഒളിഞ്ഞിരിക്കുന്ന ശ്വാസകോശ അർബുദ സാധ്യതകൾ; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടിയുടെ അമ്മയുമായി സംസാരിച്ച ശേഷമായിരുന്നു പ്രതികരണം. മാപ്പ് ചോദിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ടിട്ടും, കുട്ടിക്ക് മാപ്പ് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി പറഞ്ഞിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ കുടുംബം കടുത്ത അമർഷത്തിലും വിഷമത്തിലുമാണെന്ന് സി ജെ പി വ്യക്തമാക്കി. പെൺകുട്ടിയുടെ വീഡിയോകൾ മാധ്യമങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്നതിലും കുടുംബത്തെ നിരന്തരം ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതിലും വലിയ പ്രതിഷേധമുണ്ട്. കുട്ടിക്ക് നിയമപരമായ യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും സി ജെ പി വക്താവ് വ്യക്തമാക്കി. ആവശ്യമായ എല്ലാ നിയമസഹായങ്ങളും മാനസിക പിന്തുണയും സി ജെ പി നൽകുമെന്നും രത്ന സിംഗ് എക്സ് അക്കൗണ്ടിലൂടെ വിവരിച്ചു.

ബലാത്സംഗ ഭീഷണിയും

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ 15 കാരിയായ പെൺകുട്ടിക്ക് നേരെ ബലാത്സംഗ ഭീഷണിയടക്കം ഉയർന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയും ഫോൺ കോളുകളിലൂടെയും തനിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും തനിക്കെതിരെയുള്ള കേസ് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തി. നേരത്തെ, ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ പെൺകുട്ടി പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ജന്തർമന്തറിലെത്തിയ താൻ ചുറ്റുമുള്ളവരുടെ സ്വാധീനത്തിലാണ് മുദ്രാവാക്യം വിളിച്ചതെന്നും രാജ്യത്തോടും ജനങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും പെൺകുട്ടി പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ വിദ്യാർത്ഥികളോട് താൻ ക്ഷമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെയും അന്തരിച്ച തന്റെ മാതാവിനെതിരെയും ഉപയോഗിച്ച വാക്കുകൾ വേദനിപ്പിച്ചുവെങ്കിലും വിദ്യാർത്ഥികൾക്ക് തെറ്റുകൾ തിരുത്താൻ അവസരം നൽകണമെന്നും അവരെ ശിക്ഷിക്കുന്നതിന് പകരം നേർവഴിക്ക് നടത്താൻ സമൂഹം തയ്യാറാകണമെന്നുമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here