കൊല്‍ക്കത്ത: ബ്രസീല്‍ ഫുട്‌ബോള്‍ ടീം സൗഹൃദ മത്സരം കളിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബറിലെ ഫിഫ വിന്‍ഡോയില്‍ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടം കൊല്‍ക്കത്തയില്‍ കളിക്കാനുള്ള നീക്കങ്ങളാണ് ബ്രസീല്‍ ടീം നടത്തുന്നത്. സെപ്റ്റംബര്‍ 25ന് ടൗണ്‍സ്‌വില്ലിലും 29ന് ബ്രിസ്‌ബേനിലും വച്ച് ബ്രസീല്‍ രണ്ട് സൗഹൃദ പോരാട്ടങ്ങള്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നുണ്ട്. ഈ മത്സരങ്ങള്‍ക്ക് പുറമേ ഒരു മത്സരം കൊല്‍ക്കത്തയില്‍ കളിക്കാനുള്ള നീക്കമാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) നടത്തുന്നത്. കൊല്‍ക്കത്തയില്‍ ആര്‍ക്കെതിരെയാണ് ബ്രസീല്‍ കളിക്കുക എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
ഫിഫ ലോകകപ്പിനിടെയാണ് സിബിഎഫും കൊല്‍ക്കത്തയിലെ സംഘാടകരും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. നിലവില്‍ കൊല്‍ക്കത്തയെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ലോകകപ്പില്‍ കൊല്‍ക്കത്തയില്‍ നിന്നു ബ്രസീല്‍ ടീമിനു കിട്ടിയ അഭൂതപൂര്‍വമായ പിന്തുണയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കോണ്‍ഫെഡറേഷന്‍ എത്താന്‍ കാരണം എന്നും വിവരമുണ്ട്. ലോകകപ്പില്‍ ഇന്ത്യന്‍ സാന്നിധ്യമുണ്ടായില്ലെങ്കിലും ബ്രസീലിന്റെ പ്രസിദ്ധമായ മഞ്ഞ ജേഴ്‌സിയണിഞ്ഞ ആയിരക്കണക്കിനു ഇന്ത്യന്‍ ആരാധകരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊല്‍ക്കത്ത ന?ഗരത്തിലെമ്പാടുമുള്ള ഗലികളില്‍ ബ്രസീലിന്റെ മത്സരങ്ങള്‍ വലിയ ആഘോഷമായി മാറിയതും അവരുടെ ശ്രദ്ധയില്‍ വന്നു. മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ ഒപ്പുവയ്ക്കുന്നതിനും ഔദ്യോഗിക പ്രഖ്യാപനത്തിനുമായി ഇനി അവസാനവട്ട ചര്‍ച്ചകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദേശീയ ടീമുകള്‍ക്ക് 16 ദിവസത്തിനിടെ 4 മത്സരങ്ങള്‍ വരെ കളിക്കാന്‍ അനുമതി നല്‍കുന്ന ഫിഫയുടെ പുതിയ സൂപ്പര്‍ ഫിഫ വിന്‍ഡോ കലണ്ടറിന്റെ ഭാഗമായിട്ടാണ് കൊല്‍ക്കത്തയിലെ മത്സരം. 2027ല്‍ സ്വന്തം നാട്ടില്‍ കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കാനും സമീപകാലത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകാത്ത ബ്രസീലിയന്‍ നഗരങ്ങളിലേക്ക് ദേശീയ ടീമിന്റെ മത്സരങ്ങള്‍ എത്തിക്കാനും സിബിഎഫ് പദ്ധതിയുണ്ട്.
പതിറ്റാണ്ടുകളായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ നട്ടെല്ലായി അറിയപ്പെടുന്ന ന?ഗരമാണ് കൊല്‍ക്കത്ത. ഇക്കഴിഞ്ഞ ലോകകപ്പും അതിന്റെ തെളിവായിരുന്നു. ലോകകപ്പ് സമയത്ത് ന?ഗരത്തിന്റെ വലിയൊരു പ്രദേശം മുഴുവന്‍ ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞയും പച്ചയും നിറങ്ങളില്‍ മുങ്ങിക്കുളിച്ചിരുന്നു. വടക്കന്‍ കൊല്‍ക്കത്തയിലെ ചുമരുകളില്‍ നെയ്മറിന്റേയും വിനീഷ്യസ് ജൂനിയറിന്റേയുമൊക്കെ ചിത്രങ്ങള്‍ നിറഞ്ഞു. ബൃഹത്തായ ഫുട്‌ബോള്‍ സംസ്‌കാരത്തിനു പേരുകേട്ട തെരുവുകളില്‍ താരങ്ങളുടെ ഭീമന്‍ കട്ടൗട്ടുകളും വര്‍ണാഭമായ സ്ട്രീറ്റ് ആര്‍ട്ടുകള്‍ ഇടംപിടിച്ചു.
കൊല്‍ക്കത്തയിലെ ബെനിയാറ്റോല പ്രദേശത്തെ പ്രസിദ്ധമായ ഫിഫ ഗല്ലിയായിരുന്നു ലോകകപ്പ് സമയത്തെ പ്രധാന ആകര്‍ഷണം. അവിടുത്തുകാര്‍ ഒരു തെരുവ് മുഴുവന്‍ ലോകകപ്പ് അലങ്കാരങ്ങളാലും വിവിധ രാജ്യങ്ങളുടെ കൊടികളാലും കളിക്കാരുടെ ചിത്രങ്ങളാലും നിറച്ചു. 2014ലെ ലോകകപ്പ് സമയത്ത് പത്രവാര്‍ത്തകളുടെ കട്ടിങുകളാല്‍ ചുമരുകള്‍ നിറച്ച് തുടക്കമിട്ട ആശയം ഇന്ന് കൊല്‍ക്കത്തയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ അടയാളമായി മാറിയിരിക്കുന്നു. നാട്ടുകാര്‍ ഒത്തൊരുമിച്ചാണ് ഈയൊരു തെരുവ് നിര്‍മിച്ചത്. ഫുട്‌ബോളിനോടുള്ള കൊല്‍ക്കത്ത നഗരത്തിന്റെ അറ്റമില്ലാത്ത സ്‌നോഹത്തിന്റെ പ്രതീകം കൂടിയാണ് ഇന്ന് ഫിഫ ഗല്ലി.
മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ടിങ് അടക്കമുള്ള ക്ലബുകളുള്ള, ചരിത്രം ഏറെയുള്ള, നൂറ്റാണ്ട് പഴക്കമുള്ള ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ നിറയെ കഥകള്‍ കൊല്‍ക്കത്തയ്ക്ക് പറയാനുണ്ട്. ഇന്ത്യ ഇതുവരെ ലോകകപ്പ് യോഗ്യത നേടിയിട്ടില്ലെങ്കിലും അര്‍ജന്റീന, ബ്രസീല്‍ അടക്കമുള്ള പ്രബല ടീമുകളെ സ്വന്തം ടീമായി കണ്ട് പിന്തുണയ്ക്കുന്ന തലമുറകള്‍ കൈമാറിയ ആരാധനയുടെ ചരിത്രവും കൊല്‍ക്കത്തയ്ക്ക് പറയാനുണ്ട്. ആരാധകരുടെ ഈ ആവേശമാണ് ബ്രസീലും ലക്ഷ്യമിടുന്നത്.




























