അഞ്ചല്‍: അഞ്ചല്‍ ഇടയത്തെ ലൈബ്രറിയില്‍ അക്രമം നടത്തിയ കാപ്പ കേസിലെ പ്രതി അറസ്റ്റിലായി. ഇടയം മാസ്സ് ലൈബ്രറിയിലാണ് കാപ്പ കേസ് പ്രതിയുടെ അക്രമവും ഭീഷണിയും നടന്നത്. ഇടയം പുത്തന്‍ വീട്ടില്‍ നിക്കര്‍ബിജു എന്ന് വിളിക്കുന്ന ബിജുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12-ഓടെ ലൈബ്രറി ക്കുള്ളില്‍ കടന്ന ബിജു അക്രമം കാണിച്ചത്. ഉച്ചത്തില്‍ അലറിക്കൊണ്ട് കസേരകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുകയും വീണ്ടും കസേര നിലത്തടിച്ച് പൊട്ടിക്കുകയും ചെയ്തു. ഒച്ചയും ബഹളവും കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇടപെട്ട് പറഞ്ഞു വിടാന്‍ ശ്രമിച്ചെങ്കിലും പോകാതെ അവിടെ എത്തിയ നാട്ടുകാരെയും അസഭ്യം പറയുകയായിരുന്നു. ഈ സമയം ലൈബ്രറി അധികൃതര്‍ അഞ്ചല്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



























