കൊച്ചി: മലയാളിയുടെ നീന്തൽ ക്ലബ്ബിനെ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എറണാകുളം ആലുവയിലെ സജി വളാശേരിയുടെ നീന്തൽ ക്ലബ്ബിനെയാണ് ഈയാഴ്ച പുകഴ്ത്തിയത്. പ്രായഭേദമന്യേ ഇതിനോടകം ഭിന്നശേഷിക്കാരടക്കം പതിനയ്യായിരത്തിലധികം പേരെ നീന്തൽ പരിശീലിപ്പിച്ച ക്ലബ്ബ് ആയിരങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും മോദി പറഞ്ഞു. പ്രദേശത്ത് ബോട്ടപകടത്തിൽ നിരവധി കുട്ടികൾ മരിച്ച സംഭവമുണ്ടാക്കിയ വേദനയിലാണ് സ്വിമ്മിങ് ക്ലബ്ബ് തുടങ്ങിയത്.
പ്രധാനമന്ത്രി മൻ കീ ബാത്തിൽ പറഞ്ഞത് ഇങ്ങനെ
“സുഹൃത്തുക്കളേ, ഈ വേനൽക്കാല ദിവസങ്ങളിൽ, സ്കൂളുകൾക്ക് അവധിയുള്ളപ്പോൾ, നിങ്ങൾ ചേരാൻ ആഗ്രഹിക്കുന്ന ഒരു ക്ലാസിനെക്കുറിച്ച് ഞാൻ സംസാരിക്കാം. സുഹൃത്തുക്കളേ, ഒരു സാഹചര്യം സങ്കൽപ്പിക്കുക: കുട്ടികളും പ്രായമായവരും ഒരുപോലെ പഠിക്കുന്ന ഒരു സ്കൂൾ, അവിടെ ഫീസില്ല, വലിയ കെട്ടിടങ്ങളില്ല, ക്ലാസ് മുറികളില്ല, ഏറ്റവും രസകരമെന്നു പറയട്ടെ, നദിയിൽ ക്ലാസുകൾ നടക്കുന്നു.
സുഹൃത്തുക്കളേ, ഇതൊരു കെട്ടുകഥയല്ല. ഇത് യഥാർത്ഥമായ ഒരു സംരംഭമാണ്. കേരളത്തിലെ ആലുവയിൽ, സജി വളാശേരി ഒരു നീന്തൽ ക്ലബ് നടത്തുന്നു. ഇതുവരെ, 15,000ത്തിലധികം ആളുകൾ ഇവിടെ നീന്തൽ പഠിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെപ്പോലും സജി നീന്തൽ പഠിപ്പിച്ചിട്ടുണ്ട്. ഈ ശ്രമത്തിന് പിന്നിൽ ആഴത്തിലുള്ള നൊമ്പരം ഒളിഞ്ഞിരിക്കുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നിരവധി വിദ്യാർത്ഥികൾ ബോട്ടപകടത്തിൽ മരണപ്പെട്ടു. ആ സംഭവം സജിയെ വല്ലാതെ ഉലച്ചു. കുട്ടികൾക്ക് നീന്താൻ അറിയാമായിരുന്നെങ്കിൽ, ഒരുപക്ഷേ പലരും രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹം കരുതി. അവിടെ നിന്നാണ് തന്റെ ദൗത്യം ആരംഭിച്ചത്.
സുഹൃത്തുക്കളേ, സജി വളാശേരിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്. സേവനത്തിന് വലിയ വിഭവങ്ങൾ ആവശ്യമില്ല, വേണ്ടത് നല്ല ഉദ്ദേശ്യവും സ്ഥിരമായ പരിശ്രമവുമാണ്. ഇവ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ കഴിയും”.
വാന നിരീക്ഷക കൂട്ടായമയായ ആസ്ട്രോ കേരളത്തെ കുറിച്ചും മോദി ഇത്തവണ പരാമർശിച്ചു. വേനൽകാലത്ത് പരമ്പരാഗത പാനീയങ്ങൾ കുടിക്കേണ്ടതിന്റെ പ്രാധാന്യവും മോദി ഓർമ്മപ്പെടുത്തി.




































