ചെന്നൈ. ക്രമസമാധാന നടപടികൾ ഊർജിതമാക്കി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരായ അന്വേഷണം വേഗത്തിലാക്കി കർശനമായ നിയമനടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്. സെക്രട്ടേറിയറ്റിൽ നടന്ന അവലോകന യോഗത്തിലാണ് പഴുതടച്ച നിയമ നടപടികൾ ഉണ്ടാകണമെന്ന് വിജയ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
സിനിമാക്കാരൻ എവിടം വരെ പോകും എന്ന് കളിയാക്കിയവർക്കുള്ള മറുപടികൾ ഒന്നൊന്നായി ഒരറ്റത്തുനിന്ന് കൊടുക്കാൻ തുടങ്ങിയിട്ടുണ്ട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഇന്ന് സെക്രട്ടേയിറ്റിൽ ചേർന്ന അവലോകനയോഗത്തിൽ കർശനമായ നിർദേശങ്ങളാണ് വിജയ് നൽകിയത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഹീനമായ കുറ്റകൃത്യങ്ങളിൽ കുറ്റവാളികൾക്കെതിരെ കേസുകൾ ഉടൻ രജിസ്റ്റർ ചെയ്യണം. അന്വേഷണം വേഗത്തിലാക്കണം. വിചാരണ ഫലപ്രദമാക്കുകയും കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത മുഖം നോക്കാത്ത നടപടികൾ ഉണ്ടാവണമെന്നാണ് വിജയ് നിർദേശം നൽകിയിട്ടുള്ളത്.
കുറ്റകൃത്യങ്ങളിൽ വേഗത്തിൽ ശിക്ഷ, പ്രതിരോധ നടപടികൾ, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ കൂടിയ അവലോകന യോഹത്തിലാണ് നിർദേശങ്ങൾ നൽകിയത്. പൊലീസ് ഡിപാർട്മെന്റ്, സാമൂഹ്യക്ഷേമ വകുപ്പ്, എജിയുടെ ഓഫിസ്, എക്സൈസ്, സ്ത്രീ ശാക്തീകരണ വകുപ്പ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറി എം.സായികുമാർ ഐ എ എസും യോഗത്തിൽ പങ്കെടുത്തു.
ലൈംഗിക കുറ്റകൃത്യങ്ങളിൽ ശക്തമായ നിയമനടപടികളുണ്ടാവണമെന്ന് വിജയ് ഊന്നിപ്പറഞ്ഞു.ശരിയായ വേഗത്തിൽ കഠിനമായ ശിക്ഷ നടപ്പാക്കുന്നതിലൂടെ മാത്രമെ ഇത്തരം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനാവൂ എന്നും നിലപാട് വ്യക്തമാക്കി. ഒരു ശുദ്ധീകരണത്തിന് തമിഴ്നാട് ഒരുങ്ങുകയാണോ എന്ന് കാത്തിരുന്ന് കാണാം.




































