ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ബ്ലോക്ക്ബസ്റ്റർ അരങ്ങേറ്റം കുറിച്ച വിജയ്ക്ക് മുന്നിൽ സർക്കാർ രൂപീകരണത്തിൽ ഗവർണർ വെല്ലുവിളിയായതോടെ പുത്തൻ നീക്കവുമായി തമിഴക വെട്രി കഴകം (ടി വി കെ). ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരത്തിലേറാൻ 10 സീറ്റിന്‍റെ കുറവായതാണ് വിജയ് ക്ക് വെല്ലുവിളിയായത്. ഇതോടെയാണ് തമിഴ്നാട്ടിൽ ഭൂരിപക്ഷം ഉറപ്പാക്കാനും മുഖ്യമന്ത്രി പദത്തിലേറാനും വിജയ് പുത്തൻ നീക്കം തുടങ്ങിയത്. 118 എം എൽ മാർ ഒപ്പിട്ട കത്ത് കിട്ടാതെ സത്യപ്രതിജ്ഞക്ക് അനുവാദം നൽകില്ലെന്ന നിലപാട് ഗവർണർ രാജേന്ദ്ര അർലേക്കർ കടുപ്പിച്ചതോടെ പിന്തുണ തേടി ടി വി കെ നേതാക്കൾ വിവിധ രാഷ്ട്രീയ പാർട്ടി ഓഫീസുകളിൽ നേരിട്ടെത്തി.
പിന്തുണക്കത്തുകൾ തേടിയാണ് ടി വികെ നേതാക്കൾ പാർട്ടി ഓഫീസുകളിലെത്തിയത്. ടി വി കെ നേതാവ് സി ടി ആർ നിർമ്മൽ കുമാർ സി പി എം, സിപിഐ ഓഫീസുകളിലെത്തി മുതിർന്ന നേതാക്കളെ കണ്ടപ്പോൾ, ജനറൽ സെക്രട്ടറി അരുൺരാജ് മുസ്ലിം ലീഗ് ഓഫീസിലെത്തിയാണ് പിന്തുണ അഭ്യർത്ഥിച്ചത്. സഭയിൽ പിന്തുണ നൽകുന്നതിന് പുറമെ ഗവർണർക്ക് നൽകാനായി ഔദ്യോഗിക പിന്തുണക്കത്ത് കൂടി വേണമെന്നാണ് ടി വി കെയുടെ ആവശ്യം.
മന്ത്രിസ്ഥാനം ഏറ്റെടുക്കുമോ?
ഭരണം പങ്കിടാമെന്ന വലിയ വാഗ്ദാനമാണ് മറ്റ് പാർട്ടികൾക്ക് മുന്നിൽ വിജയ് വെച്ചിരിക്കുന്നത്. സി പി എം, സി പി ഐ, വി സി കെ എന്നീ പാർട്ടികൾക്ക് മന്ത്രിസ്ഥാനങ്ങൾ നൽകാമെന്നടക്കമുള്ള ഓഫറുകൾ വിജയ് മുന്നോട്ട് വച്ചതായി ടി വി കെ അറിയിച്ചു. എല്ലാവർക്കും മന്ത്രിസ്ഥാനം നൽകി സഖ്യം ഭദ്രമാക്കാനാണ് വിജയിന്റെ നീക്കം. ഇതിനിടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിജയ് യെ നേരിട്ട് കാണുന്നുമുണ്ട്. ഗവർണർക്ക് കത്ത് നൽകുന്ന കാര്യത്തിൽ ഇടതുപാർട്ടികളും വി സി കെയും നാളെ ചേരുന്ന നേതൃയോഗങ്ങളിൽ എടുക്കുന്ന തീരുമാനം വിജയിന്റെ മുഖ്യമന്ത്രി പദവിയിൽ നിർണ്ണായകമാകും. സഭയിൽ പിന്തുണയ്ക്കാം, ഗവർണർക്ക് കത്ത് നൽകില്ലെന്ന് തീരുമാനിച്ചാൽ വിജയ് പ്രതിസന്ധിയിൽ ആകും.
5 പേരുടെ പിന്തുണ നിർണായകം
234 അംഗ നിയമസഭയിൽ 118 എന്ന മാന്ത്രിക സംഖ്യ കടന്നാൽ മാത്രമേ വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമാകുകയുള്ളു. ഇത് ഉയർത്തിയുള്ള ഗവർണർ നീക്കം വിജയ്യെ വെട്ടിലാക്കിയിരിക്കുന്നത്. 118 എം എൽ എമാർ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവർണർ. കോൺഗ്രസ് പിന്തുണ ലഭിച്ചതോടെ 108 ൽ നിന്ന് 113 എന്ന സംഖ്യയിലേക്ക് വിജയുടെ ടി വി കെ എത്തിയിട്ടുണ്ട്. 5 പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാൽ പിന്തുണ ഉറപ്പിക്കൽ എളുപ്പമാകുമെന്ന് നിനച്ചിരിക്കവെയാണ് ഗവർണറുടെ വക പുതിയ വെല്ലുവിളി.


































