Home News Breaking News വനിതാ സംവരണത്തിന് അനുകൂലം, പക്ഷേ മണ്ഡല പുനർനിർണ്ണയ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ച് ഇന്ത്യ സഖ്യം;...

വനിതാ സംവരണത്തിന് അനുകൂലം, പക്ഷേ മണ്ഡല പുനർനിർണ്ണയ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ച് ഇന്ത്യ സഖ്യം; ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഖർഗെ

Advertisement

ന്യൂ ഡെൽഹി : വനിതാ സംവരണത്തിന്‍റെ പേരിൽ മണ്ഡല പുനർനിർണ്ണയത്തിലൂടെ ലോക്സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ തീരുമാനമായി. വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, മണ്ഡല പുനർനിർണ്ണയവുമായി അതിനെ ബന്ധിപ്പിക്കുന്ന സർക്കാർ രീതി രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണഘടനാ ഭേദഗതിയെ സഭയിൽ ശക്തമായി നേരിടുമെന്നും ഖർഗെ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, നീലോത്പൽ ബസു, ആനി രാജ, ഒമർ അബ്‌ദുള്ള, ടി ആ‌ർ ബാലു, ജോസ് കെ മാണി, എൻ കെ പ്രേമചന്ദ്രൻ തുടങ്ങി പ്രമുഖ പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തു. ബില്ലുകളെ എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത തീരുമാനം. 543 എന്ന നിലവിലെ സീറ്റ് സംഖ്യ നിലനിർത്തിക്കൊണ്ടുതന്നെ വനിതാ സംവരണം നടപ്പിലാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

ബി ജെ പിയുടെ ദുഷ്ടലാക്കാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് എൻ കെ പ്രേമചന്ദ്രനും, ഇത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. മണ്ഡല പുനർനിർണ്ണയത്തിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അമിത പ്രാധാന്യം നൽകാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ഡി എം കെയും തൃണമൂൽ കോൺഗ്രസും യോഗത്തിൽ അറിയിച്ചു.

അതേസമയം ഖർഗെയുടെ വസതിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്ന് സി പി എം – സി പി ഐ ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും ഇടത് മുന്നണിക്കെതിരെ സ്വീകരിച്ച കടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. രാഹുൽ ഗാന്ധി കേരളത്തിൽ നിലമറന്നാണ് പെരുമാറിയതെന്നും സി പി എം, ബി ജെ പിയുടെ ‘ബി ടീം’ ആണെന്നതടക്കമുള്ള വിമർശനങ്ങൾ സീമകൾ ലംഘിച്ചെന്നുമാണ് ഇടത് കേന്ദ്രങ്ങളുടെ കുറ്റപ്പെടുത്തൽ. സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയും പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും പകരം പ്രതിനിധികളെ അയച്ചു.

സി പി എം പ്രതിനിധിയായി നീലോത്പൽ ബസുവും സി പി ഐ പ്രതിനിധിയായി ആനി രാജയുമാണ് യോഗത്തിൽ പങ്കെടുത്തത്. ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുകൾ വീഴ്ത്തുന്നതാണ് രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പരാമർശങ്ങളെന്ന് ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ ഐക്യം ആവശ്യമാണെന്ന ബോധ്യമുണ്ടെങ്കിലും, കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ദേശീയ തലത്തിലെ സഹകരണത്തെ ബാധിക്കുന്ന കാഴ്ചയാണ് ഈ വിട്ടുനിൽക്കലിലൂടെ പ്രകടമാകുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here