‘81 കോടി ജനങ്ങളുടെ റേഷൻ വെട്ടിക്കുറച്ചു; മോഡി സർക്കാരിനെതിരെ ആരോപണവുമായി കോൺ​ഗ്രസ് രം​ഗത്ത്

ന്യൂഡൽഹി∙ പുതുവർഷത്തിൽ 81 കോടി ജനങ്ങളുടെ റേഷൻ കേന്ദ്ര സർക്കാർ പാതിയായി വെട്ടി കുറച്ചെന്ന് കോൺഗ്രസ്. 10 കിലോ റേഷന് യോഗ്യതയുണ്ടായിരുന്ന ആളുകൾക്ക് അഞ്ചു കിലോ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ഇതാണോ മേദി സർക്കാരിന്റെ പുതുവത്സര സമ്മാനമെന്നും അദ്ദേഹം ചോദിച്ചു.

‘‘2023 ആരംഭിച്ചതു തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭ പ്രധാനമന്ത്രി ഗരീബ് അന്ന കല്യാൺ യോജന എന്ന പദ്ധതി നിർത്തലാക്കി എന്ന മോശം വാർത്ത കേട്ടാണ്. ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് പ്രകാരം ആവശ്യക്കാർക്ക് അഞ്ച് കിലോ ഭക്ഷണധാന്യങ്ങൾ അധികം നൽകുന്ന പദ്ധതിയായിരുന്നു ഇത്. സംസ്ഥാന സർക്കാരുകളോടോ പാർലമെന്റിലോ ആലോചിക്കാതെ പ്രധാനമന്ത്രി 50 ശതമാനം റേഷൻ വെട്ടി കുറയ്ക്കുന്ന തീരുമാനമെടുത്തത് നിരാശാജനകമാണ്’’– ജയ്റാം രമേശ് പറഞ്ഞു.

കോവിഡ് മഹാമാരി രാജ്യത്ത് വ്യാപിച്ച സമയത്താണ് പ്രധാനമന്ത്രി ഗരീബ് അന്ന കല്യാൺ യോജന പദ്ധതിക്കു കീഴിൽ 28 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ആരംഭിച്ചത്. എന്നാൽ അതു ഡിസംബറിൽ അവസാനിച്ചിരുന്നു. ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് പ്രകാരം 81.35 കോടി ഉപഭോക്താക്കൾക്കു സബ്സിഡിയോടുകൂടി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ 2023ൽ സൗജന്യമായി നൽകുമെന്നു മന്ത്രിസഭ തീരുമാനിച്ചിരുന്നു.
എന്നാൽ മോദി സർക്കാർ തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ജയ്റാം രമേശ് ആരോപിച്ചു. ലാഭം മോദി സർക്കാരിന് മാത്രമാണെന്നും റേഷൻ കാർഡ് ഉടമകളുടെ ചെലവ് ദിവസംതോറും വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അഞ്ചു പേരടങ്ങുന്ന ഒരു കുടുംബം 750 രൂപ മാസം അധികം നൽകാൻ നിർബന്ധിതരാകുന്നെന്നും അദ്ദേഹം പറഞ്ഞു. യു ടേണിന്റെ മാസ്റ്ററാണ് പ്രധാനമന്ത്രി. യുപിഎ സർക്കാരിന്റെ കാലത്തു തുടങ്ങിയ മഹാത്മാഗാന്ധി ഗ്രാമീണ തോഴിൽ പദ്ധതിയെയും ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയെയും എതിർത്ത അദ്ദേഹം ഇപ്പോൾ അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്നും ജയ്റാം രമേശ് വിമർശിച്ചു.

Advertisement