നാലു ദിവസമായി മേഖലയിൽ അതിശൈത്യം; എന്നിട്ടും നിറഞ്ഞുകവിഞ്ഞ് മൂന്നാർ

ഇടുക്കി: ക്രിസ്മസ്–പുതുവത്സര അവധിദിനങ്ങൾ ജില്ലയുടെ ടൂറിസം മേഖലയ്ക്കു പുത്തനുണർവേകിയ കാലം കൂടിയായിരുന്നു. അവധി ദിനങ്ങൾ അടിച്ചു പൊളിക്കാൻ പതിനായിരങ്ങളാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. രണ്ടുവർഷം കോവിഡിൽ മുങ്ങിപ്പോയ ആഘോഷനാളുകൾ തിരികെയെത്തിയതു ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വ്യാപാര മേഖലയ്ക്ക് ഉൾപ്പെടെ പുതുപ്രതീക്ഷയായി.

പുതുവത്സരം ആഘോഷിക്കാൻ രണ്ട് ദിവസങ്ങളിലായി തേക്കടിയിൽ എത്തിയത് 6,641 സഞ്ചാരികൾ. 31ന് 3,231 പേരും ഒന്നാം തീയതി 3,410 പേരും തേക്കടി ബോട്ട് ലാൻഡിങ്ങിൽ എത്തിയതായി വനം വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനു പുറമേ ബോട്ട്ലാൻഡിങ്ങിൽ എത്താതെ തേക്കടിയുടെ സമീപ പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിയവരെ കൂടി ഉൾപ്പെടുത്തിയാൽ എണ്ണം പതിനായിരത്തിനു മുകളിലാകും.

അവധിദിനങ്ങൾ ആഘോഷമാക്കാൻ പതിനായിരങ്ങളാണ് മൂന്നാറിലേക്ക് ഒഴുകിയെത്തിയത്. ഡിസംബർ 20 മുതൽ തുടങ്ങിയ തിരക്ക് തുടരുകയാണ്. കഴിഞ്ഞ പത്തു ദിവസമായി മൂന്നാർ മേഖലയിൽ തിരക്ക് മൂലം മുറികൾ കിട്ടാത്ത അവസ്ഥയായിരുന്നു. ഫ്ലവർ ഗാർഡൻ, രാജമല, ബൊട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ വൻ തിരക്കായിരുന്നു. അമിത തിരക്ക് മൂലം പ്രവേശനം ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വന്നവരും ഏറെ.

പുതുവർഷത്തലേന്നാണു മൂന്നാർ, വട്ടവട, ചിന്നക്കനാൽ മേഖലയിൽ ഏറ്റവുമധികം സഞ്ചാരികളെത്തിയത്. മുറികൾ ലഭിക്കാത്തതിനെ തുടർന്ന് പലരും വാഹനത്തിനുള്ളിലും മറ്റുമാണ് രാത്രി കഴിച്ചുകൂട്ടിയത്. കഴിഞ്ഞ നാലു ദിവസമായി മേഖലയിൽ അതിശൈത്യം തുടരുകയാണ്.

ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങൾക്കു മുന്നോടിയായി കഴിഞ്ഞ മാസം ഒന്നിനു തുറന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്കു സന്ദർശക പ്രവാഹം തുടരുന്നു. ‍ഞായറാഴ്ച വരെ ഏകദേശം 32,000 പേർ അണക്കെട്ടുകൾ കണ്ടു മടങ്ങിയെന്നാണ് ഹൈഡൽ ടൂറിസം വകുപ്പ് അധികൃതർ പറയുന്നത്. ഇതിലൂടെ 12 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഈ മാസം 31 വരെ അണക്കെട്ടുകളിൽ സന്ദർശനാനുമതി ഉണ്ട്.

എന്നാൽ, ബുധനാഴ്ചകളിൽ പ്രവേശനമില്ല. തിരക്ക് ഏറെയുള്ള ക്രിസ്മസ് – ന്യൂ ഇയർ അവധിക്കാലമാണ് ഇടുക്കി ഹിൽവ്യൂ പാർക്കിലും കഴിഞ്ഞു പോയത്. കഴിഞ്ഞമാസം 20 മുതൽ ഞായറാഴ്ച വരെ ഇവിടേക്ക് എത്തിയത് 8,100 പേർ. ഇതിൽ 2,073 പേർ കുട്ടികളാണ്. ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെ വിസ്മയ കാഴ്ചകൾ ഒരു ഫ്രെയിമിൽ എന്ന പോലെ കാണാനാകുന്ന പാർക്കിലേക്കുള്ള പ്രവേശന നിരക്ക് 20 രൂപയാണ്. കുട്ടികൾക്ക് 10 രൂപയും. പാർക്കിനുള്ളിൽ വിനോദ സഞ്ചാരികൾക്കായി ഒട്ടേറെ റൈഡുകളും ഉണ്ട്.

ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിയത് പതിനായിരക്കണക്കിനു വിനോദസഞ്ചാരികൾ. ക്രിസ്മസ് മുതൽ പ്രതിദിനം 5,000 സഞ്ചാരികളാണു വാഗമൺ മൊട്ടക്കുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതെന്നാണു ഡിടിപിസിയുടെ കണക്കുകൾ.

പരുന്തുംപാറ, പാഞ്ചാലിമേട് കേന്ദ്രങ്ങളിലെ സ്ഥിതിയും മറിച്ചല്ല. മൊട്ടക്കുന്നുകൾ, പുൽമേടുകൾ എന്നിവിടങ്ങൾ നിറഞ്ഞ് എല്ലാ ദിവസവും സഞ്ചാരികളാണ്. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികൾ വലിയ തോതിൽ ഇത്തവണ എത്തിയിരുന്നു.

പുതുവത്സരത്തിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീനാരായണപുരം, പൊൻമുടി, കള്ളിമാലി, ചതുരംഗപ്പാറ എന്നിവിടങ്ങൾ സഞ്ചാരികൾ നിറഞ്ഞു. പുതുവത്സര ദിനത്തിൽ സൂര്യോദയം കാണാൻ ചതുരംഗപ്പാറ, കള്ളിപ്പാറ, സ്വർഗം മേട് എന്നിവിടങ്ങളിലും ഒട്ടേറെ സഞ്ചാരികളെത്തി.

പുതുവത്സര ദിനത്തിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയവർ(ഡിടിപിസിയുടെ കണക്ക്)

∙മാട്ടുപ്പെട്ടി: 529
∙രാമക്കൽമേട്: 3167
∙അരുവിക്കുഴി: 586
∙ശ്രീനാരായണപുരം: 1111
∙വാഗമൺ മൊട്ടക്കുന്ന്: 5599
∙വാഗമൺ അഡ്വഞ്ചർ പാർക്ക്:3313
∙പാ​ഞ്ചാലിമേട്: 3250
∙ഇടുക്കി ഹിൽവ്യൂ പാർക്ക്: 1351
∙മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ: 1467
∙ആകെ: 20,373
കോവിഡിനു ശേഷം ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ട സീസണായിരുന്നു ക്രിസ്മസ്–പുതുവത്സര അവധിക്കാലം. തിരക്ക് മുന്നിൽക്കണ്ട് ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഡിടിപിസിയുടെ നേതൃത്വത്തിൽ മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഡിസംബർ 24 മുതൽ ജനുവരി 1 വരെ ദിവസവും വൈകുന്നേരം സാംസ്കാരിക പരിപാടികളുടെ ഭാഗമായി നാടൻപാട്ടുകൾ, ഗാനമേള, ഡിജെ, മ്യൂസിക്ഫ്യൂഷൻ തുടങ്ങിയവ നടത്തി. ഇതു പൊതുജനങ്ങളെ ഏറെ ആകർഷിച്ചു. മാർച്ച് വരെ ടൂറിസം സീസണാണ്. വിദേശികളടക്കമുള്ള സഞ്ചാരികളുടെ തിരക്ക് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement