മുംബൈ: കാമുകിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം.

ഫ്രീലാൻസ് റിപ്പോർട്ടറായി ജോലി ചെയ്തിരുന്ന സൗരഭ് ലാഖെയാണ് പൊലീസ് പിടിയിലായത്.ഇരയായ സ്ത്രീ ഔറംഗബാദ് ജില്ലയിലെ ഷിയൂർ സ്വദേശിയാണ്. 24 വയസുള്ള ഇവർക്ക് മൂന്ന് വയസുള്ള ഒരു കുട്ടിയുമുണ്ട്. കുടുംബത്തെ ഉപേക്ഷിച്ച്‌ അടുത്തിടെയാണ് ഇവർ ഹഡ്‌കോ ഏരിയയിലെ ഒരു വാടക വീട്ടിൽ താമസിക്കാനെത്തുന്നത്. അവിടെ മാധ്യമപ്രവർത്തകൻ ലഖെ ഇവരെ സന്ദർശിക്കാറുണ്ടായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

തന്നെ വിവാഹം കഴിക്കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആഗസ്റ്റ് 15നാണ് ലഖെ ഇവരെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. ശേഷം ശരീരം കഷ്ണങ്ങളാക്കി മുറിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.ഇരയുടെ തലയും കൈകളും എടുത്ത് ഇയാൾ ഷിയൂരിലെ ഒരു ഗോഡൗണിൽ സൂക്ഷിച്ചു. ശരീരത്തിന്റെ അവശിഷ്ടങ്ങൾ കൊണ്ടുപോകുമ്പോൾ വീട്ടുടമസ്ഥൻ അത് കാണുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ഷിയൂരിലേക്കുള്ള വഴിയിൽ വെച്ചാണ് ലഖെയെ പൊലീസ് പിടികൂടുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.