26.6 C
Kollam
Thursday 26th November, 2026 | 07:49:22 PM
Home News Local പരാതി നൽകിയതിന്റെ വിരോധം; യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമം; കാപ്പാ കേസ് പ്രതി അറസ്റ്റിൽ

പരാതി നൽകിയതിന്റെ വിരോധം; യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമം; കാപ്പാ കേസ് പ്രതി അറസ്റ്റിൽ

Advertisement

കൊല്ലം: പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ വിരോധത്തിൽ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി കൊലവിളി നടത്തുകയും വീട്ടുപകരണങ്ങളും വാഹനവും അടിച്ചുതകർക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. കിളികൊല്ലൂർ ഒരുമനഗർ 170 നിഷാദ് മൻസിലിൽ കൊള്ളി നിയാസ് എന്നറിയപ്പെടുന്ന നിയാസിനെ (38) കൊട്ടിയം പോലീസാണ് അറസ്റ്റ് ചെയ്തത്.

ഇരവിപുരം പോലീസ് സ്റ്റേഷനിൽ തനിക്കെതിരെ യുവാവ് പരാതി നൽകിയതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിൽ. നവംബർ അഞ്ചിന് പുലർച്ചെ മൂന്നോടെ മാരകായുധങ്ങളുമായെത്തിയ പ്രതി യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടുപകരണങ്ങളും വാഹനവും അടിച്ചുതകർത്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐപിഎസിന്റെ നിർദേശപ്രകാരം ചാത്തന്നൂർ എസിപി രാഖേഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എസ്‌ഐമാരായ ഗോപകുമാർ, സായിസേനൻ, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തെയും അന്വേഷണത്തിൽ ഉൾപ്പെടുത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓച്ചിറയിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിയാസിനെതിരെ കാപ്പാ നിയമപ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്.

കൊട്ടിയം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഗിരീഷ്, എസ്ഐ ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് സംഘവും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here