പ്രസിഡന്റ്സ് ട്രോഫി 12-ാം എഡിഷന്റെയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലിന്റെയും ആവേശത്തില്‍ കൊല്ലം. നവംബര്‍ 21ന് ഉച്ചയ്ക്ക് 2 മണിക്ക് കൊല്ലം അഷ്ടമുടി കായലില്‍ നടക്കുന്ന വള്ളംകളിയുടെ വിളംബര ഘോഷയാത്ര നാളെ വൈകീട്ട് 4 മണിക്ക് തൊഴില്‍, വനിത ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് പരിസരത്തിന് നിന്ന് ആരംഭിച്ച് പ്രസിഡന്റ്സ് ട്രോഫി പവലിയന്‍ വരെ നീളുന്ന വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങള്‍ അണിനിരക്കും. മേയര്‍ എ കെ ഹഫീസ്, വിഷ്ണു മോഹന്‍ എം എല്‍ എ, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, കലാകായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ സബ് കമ്മിറ്റികളുടെ പ്രതിനിധികള്‍, എന്‍ എസ് എസ്, എസ് പി സി, എന്‍ സി സി കേഡറ്റുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരും ഘോഷയാത്രയില്‍ അണിചേരും. നാളെ രാവിലെ 6.30ന് മേയര്‍ എ കെ ഹഫീസ്, വിഷ്ണു മോഹന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡി ടി പി സി, കോര്‍പ്പറേഷന്‍, ഹരിതകര്‍മസേന, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വള്ളംകളി നടക്കുന്ന കായല്‍ പ്രദേശം ശുചീകരിക്കും.നിലവില്‍ ട്രാക്കിന്റെ പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയിലെ കളിവള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നാളെ വൈകിട്ട് അഞ്ച് മണി വരെ തുടരും. ഇരുട്ടുകുത്തി ബി ഗ്രേഡ് ഇനത്തില്‍ മൂന്ന് വള്ളങ്ങളും വനിതകള്‍ തുഴയുന്ന തെക്കനോടിയില്‍ മൂന്ന് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് ഇനത്തില്‍ ഒരു വള്ളവും ഇതുവരെ രജിസ്റ്റര്‍ ചെയ്തു. രജിസ്‌ട്രേഷന്‍ നടപടികള്‍ വിലയിരുത്താന്‍ ഡി ടി പി സി കോണ്‍ഫറന്‍സ് ഹാളില്‍ റേസ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ കെ കുറുപ്പിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ ഷാനവാസ് ഖാന്‍, വൈസ് ചെയര്‍മാന്‍ റ്റി അജയന്‍, കണ്‍വീനര്‍ ശ്രീനാഥ് എസ്, ജോ. കണ്‍വീനര്‍ എന്‍ ചന്ദ്രബാബു, വാളത്തുംഗല്‍ രാജഗോപാല്‍, അനീഷ് പടപ്പക്കര, സുനില്‍ ജോസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജഗന്നാഥന്‍, കൊല്ലം ഉള്‍നാടന്‍ ജലഗതാഗത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രേംചന്ദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ മുഹമ്മദ് അന്‍സാരി, അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ്, പി പ്രതീഷ് കുമാര്‍, സജീവ് ഖാന്‍, ആര്‍ അരുണ്‍രാജ്, നിഷാ പുലിയില, എം മാത്യു, പേരയം വിനോദ്, കൃഷ്ണവേണി ശര്‍മ്മ, കെ ജി ബിജു എന്നിവര്‍ പങ്കെടുത്തു.
Advertisement




























