കുണ്ടറ : ഒരേ ഉടമസ്ഥതയിലുള്ള രണ്ടു വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് 6.5 ലക്ഷം രൂപയിലേറെ കവർന്നതായി പരാതി. എഴുകോൺ പോച്ചംകോണം കാർത്തികയിൽ കെ.എസ്.ചന്ദ്രലാലിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിൽ എഴുകോണിൽ റോഡിനിരുവശത്തായി സ്ഥിതി ചെയ്യുന്ന മാക് ട്രേഡിങ് കമ്പനി, മാക് മെറ്റൽസ് കമ്പനി എന്നീ സ്ഥാപനങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ 2 മണിക്ക് മോഷണം നടന്നത്.
രണ്ടിടത്തും പിൻവശത്തെ ഷീറ്റുകൾ പൊളിച്ചുമാറ്റിയാണ് മോഷ്ടാക്കൾ ഉള്ളിൽക്കടന്നത്. മുഖം മറച്ച് മഴക്കോട്ട് ധരിച്ച മൂന്നംഗ സംഘമാണ് മോഷണം നടത്തിയതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ട്. ആദ്യം മാക് മെറ്റൽസിലാണ് മോഷണം നടന്നത്. ഇതിനുള്ളിൽ കയറിയ മോഷ്ടാക്കൾ ഇവിടെ വിൽപനയ്ക്കു വച്ചിരുന്ന പിക്കാസ് ഉപയോഗിച്ച് കാഷ് കൗണ്ടറിലെ മേശയും അലമാരയും വെട്ടിപ്പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്.
കൗണ്ടറിലെ മേശയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയോളം ഇവിടെ നിന്നു നഷ്ടമായതാണ് പറയുന്നത്.
പിന്നീട് റോഡ് മുറിച്ചുകടന്ന മോഷ്ടാക്കൾ മാക് ട്രേഡിംഗ് കമ്പനിയുടെ പിൻഭാഗത്തെത്തി ഷീറ്റ് പൊളിച്ച് ഉള്ളിൽക്കയറി. ഇവിടെ കാഷ് കൗണ്ടർ പൊളിച്ച് 54,000 രൂപ കവർന്നു. പിന്നീടാണ് ലോക്കർ തുറന്ന് 5.6 ലക്ഷം രൂപ അപഹരിച്ചത്. ലോക്കറിൽ ഉണ്ടായിരുന്ന ക്യാരി ബാഗിൽ പണം നിറച്ച ശേഷം മോഷ്ടാക്കൾ പുലർച്ചെ മൂന്നരയോടെയാണ് സ്ഥലംവിട്ടത്.
അവധിയായിരുന്നതിനാൽ ബാങ്കിൽ അടയ്ക്കാൻ കഴിയാതെ സൂക്ഷിച്ചിരുന്ന തുകയാണ് ലോക്കറിലുണ്ടായിരുന്നത്. എഴുകോൺ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്.




























