തുരുത്തിക്കര സഹ.ബാങ്ക് തെരഞ്ഞെടുപ്പ്: മത്സരത്തിനൊരുങ്ങി എൽഡിഎഫിലെ ഘടകകക്ഷികൾ

കുന്നത്തൂർ. തുരുത്തിക്കര സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികൾ
പരസ്പരം ഏറ്റുമുട്ടുന്നു.സിപിഎമ്മും സിപിഐയും സീറ്റുകൾ വീതിച്ചെടുത്തതോടെയാണ് മുന്നണിയിലെ മറ്റ് കക്ഷികൾ മത്സരിക്കാനൊരുങ്ങി രംഗത്തെത്തിയത്.കേരള കോൺഗ്രസ്
(എം) ആണ് പ്രധാനമായും മത്സര രംഗത്തുള്ളത്.ബാങ്ക് ഭരണ സമിതിയിൽ ഒരു സീറ്റെങ്കിലും തങ്ങൾക്ക് അനുവദിക്കണമെന്ന് കേരള കോൺഗ്രസ്(എം) ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കുവാൻ നേതൃത്വം തയ്യാറായില്ല.കൂടുതൽ സീറ്റ് സിപിഎമ്മും ശേഷിക്കുന്നവ സിപിഐക്കും നൽകുന്ന പതിവ് ശൈലിയാണ് ഇക്കുറിയും പിന്തുടർന്നത്.ഒരു സീറ്റു പോലും നൽകാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) ആകെയുള്ള ആറു ജനറൽ സീറ്റുകളിൽ രണ്ടെണ്ണത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
സിപിഐയിൽ നിന്നും രാജി വച്ച് കേരള കോൺഗ്രസ് (എം)ൽ ചേർന്ന മുൻ ലോക്കൽ സെക്രട്ടറി ബി.അശ്വനികുമാർ ,മോഹനൻ എന്നിവരാണ് മത്സരിക്കുന്നത്.അശ്വനികുമാർ നിലവിൽ കേരള കോൺഗ്രസ് (എം) കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ആണ്.ഇതോടെയാണ് തുരുത്തിക്കര
സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.ജൂൺ 11നാണ് തെരഞ്ഞെടുപ്പ്.യുഡിഎഫും ബിജെപിയും മത്സരരംഗത്തില്ല.ഇടതുമുന്നണിയിലെ പാർട്ടികൾ പരസ്പരം മത്സരിക്കുന്നത് അണികളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.സിപിഐയിൽ ഉണ്ടായ തർക്കം കാരണം അടുത്തകാലത്തു നിരവധി നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് കേരള കോൺഗ്രസിൽ ചേർന്നിരുന്നു.അതിനിടെ കുന്നത്തൂർ പഞ്ചായത്തിൽ എൽഡിഎഫ്-കേരള കോൺഗ്രസ് (എം) ബന്ധത്തിന്റെ അടിവേര് ഇളകിയതായാണ് അറിയുന്നത്.സഹകരണ ബാങ്ക് തെരഞ്ഞെടുപ്പോടെ ഇത് പൂർണതയിലേക്കെത്തും.
കുന്നത്തൂരിൽ കേരള കോൺഗ്രസ് (എം) നെ അംഗീകരിക്കാൻ സിപിഎം കാട്ടുന്ന വിമുഖതയാണ് പ്രശ്നങ്ങൾക്ക് കാരണം.

Advertisement