വാർത്താനോട്ടം

2023 ജൂൺ 06 ചൊവ്വ

BREAKING NEWS

👉ബ്രിജ് ഭൂഷൻ്റെ വീട്ടിൽ പോലീസെത്തി; അറസ്റ്റിന് സാധ്യത

👉കോതമംഗലം കോട്ടപ്പടി വടക്കൻ ഭാഗത്ത് ഇന്നലെ രാത്രി ഒരു മണിയോടെ തുപ്പാട്ട് വേലായുധൻ്റ വീടിന് നേരെ കാട്ടാനയുടെ ആക്രമണം; തനാട്ടുകാർ ഭീതിയിൽ

👉അരി കൊമ്പനെ തിരുനെൽവേലി അപ്പർ കോതയാറിന് സമീപം തുറന്ന് വിടരുതെന്ന് മണിമുത്താർ മേഖലയിലെ വാർഡ് കൗൺസിലർമാർ ജില്ലാ കളക്ടർക്ക് പരാതി നൽകി.

👉സച്ചിൻ പൈലറ്റ് കോൺഗ്രസ് വിട്ടേക്കും. പുതിയ പാർട്ടി പ്രഖ്യാപനം 11 ന് എന്ന് സൂചന

👉വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ മൃതദേഹം കോട്ടയം
പൊങ്ങൻതാനത്തെ വസതിയിലെത്തിച്ചു.സംസ്ക്കാരം ഉച്ചയ്ക്ക് 2 ന്

കേരളീയം

🙏എ ഐ ക്യാമറ ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

🙏നിയമലംഘനങ്ങളില്‍ ഇന്നു നോട്ടീസ് അയക്കും. പതിനാലു ദിവസത്തിനകം പിഴയടയ്ക്കണം. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ കേസ് കോടതിക്കു കൈമാറും. പതിനഞ്ച് ദിവസത്തിനകം അപ്പീല്‍ നല്‍കാം.

🙏 726 കാമറകളില്‍ 692 എണ്ണമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. കാമറ സ്ഥാപിച്ച ആദ്യദിവസം നാലര ലക്ഷം നിയമലംഘനങ്ങളാണു കണ്ടെത്തിയത്. കാമറ ഉദ്ഘാടനം ചെയ്ത ദിവസം രണ്ടേമുക്കാല്‍ ലക്ഷവും രണ്ടു ദിവസം മമ്പ് 1.93 ലക്ഷം നിയമലംഘനങ്ങളും കാമറകള്‍ കണ്ടെത്തിയിരുന്നു.

🙏അരിക്കൊമ്പന്റെ ആരോഗ്യനില മോശമായതിനാല്‍ ഉടന്‍ തുറന്നു വിടില്ലെന്നു തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചു.

🙏ആവശ്യമെങ്കില്‍ രണ്ടു ദിവസം കോതയാര്‍ എത്തിച്ചു ചികിത്സ നല്‍കും. അരിക്കൊമ്പനെ കാട്ടില്‍ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടു എറണാകുളം സ്വദേശി റബേക്ക ജോസഫ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും.

🙏കെ ഫോണ്‍ ജനകീയ ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ഫോണ്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ബ്രോഡ് ബാന്‍ഡ് കണക്ഷനാണ് കെ ഫോണ്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചതു കേരളം മാത്രമാണ്.

🙏കെ ഫോണ്‍ താരിഫ് നിരക്കുകള്‍ പുറത്തുവിട്ടു. ആറു മാസത്തേക്കുള്ള ഒമ്പതു പ്ലാനുകളുടെ താരിഫാണു പുറത്തുവിട്ടത്. 20 എംബിപിഎസ് വേഗത്തില്‍ മൂവായിരം ജിബി ഡാറ്റയ്ക്ക് മാസം 299 രൂപ നിരക്കില്‍ ആറു മാസത്തേക്ക് 1,794 രൂപ. 30 എംബിപിഎസിനാണെങ്കില്‍ മാസം 349 രൂപ നിരക്കില്‍ 2,094 രൂപയാണു നിരക്ക്.

🙏മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്ത മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി. അപേക്ഷ നിരസിക്കുക വഴി കുഴിയാനയെ അരിക്കൊമ്പനാക്കാന്‍ ശ്രമിക്കരുതെന്നു പരാമര്‍ശിച്ചുകൊണ്ടാണ് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കേസ് മാറ്റിയത്. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട ലോകായുക്ത നടപടിക്കെതിരായ പരാതിക്കാരനായ ആര്‍എസ് ശശികുമാറിന്റെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കുന്നതിനാലാണു കേസ് മാറ്റിവച്ചത്.

🙏മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എല്‍. സുഷമയെ നിയമിച്ചു. എംജി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല സി.ടി. അരവിന്ദകുമാറിനു നല്‍കി. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍നിന്നാണ് ഗവര്‍ണര്‍ നിയമനം നടത്തിയത്. ശ്രീ ശങ്കാരാചാര്യ സര്‍വകലാശാലയിലെ മലയാളം പ്രഫസറാണ് സുഷമ.

🙏അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയതോടെ ഇന്ന് കേരളത്തില്‍ മഴ കനത്തേക്കും. വടക്ക്-വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമാകും.

🙏കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചത് അര്‍ധരാത്രി വാട്സ്ആപിലൂടെയാണെന്ന് എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാന്‍. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിര്‍ദേശം നടപ്പായില്ല. ഈ പുനഃസംഘടന ജനാധിപത്യ പാര്‍ട്ടിക്കു യോജിച്ചതല്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. കെപിസിസി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചെന്ന് എം.എം ഹസന്‍.

🙏ട്രെയിനില്‍ തീ കത്തിക്കാന്‍ ശ്രമിച്ച മാഹാരാഷ്ട്രക്കാരനായ 20 വയസുകാരനെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ കൊയിലാണ്ടി കഴിഞ്ഞപ്പോഴായിരുന്നു സംഭവം. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്നു സംശയമുണ്ട്.

🙏സംസ്ഥാനത്തെ സ്‌കൂളുകളെ മാലിന്യമുക്ത ക്യാമ്പസുകളാക്കുമെന്ന് ലോകപരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിജ്ഞ. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിര്‍വഹിച്ചു.

🙏റോഡ് കാമറകള്‍ക്കെതിരേ കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനവും ധര്‍ണയും നടത്തി. കാമറകള്‍ സ്ഥാപിച്ചിരിക്കുന്നതിനു നൂറു മീറ്റര്‍ അകലെ മൂന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്.

🙏കാമുകിയുടെ ഭര്‍ത്താവിനെയും നാലു വര്‍ഷത്തിനുശേഷം കാമുകിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം താനൂര്‍ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീര്‍ (44) ആണ് മരിച്ചത്. കാമുകി സൗജത്തിന്റെ ഭര്‍ത്താവ് സവാദിനെ 2018 ലും കഴിഞ്ഞ നവംബറില്‍ സൗജത്തിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

🙏നഗ്‌നതയെ ലൈംഗികതയായി മാത്രം കാണാനാവില്ലെന്നു ഹൈക്കോടതി. തന്റെ നഗ്‌ന ശരീരത്തില്‍ മക്കളെകൊണ്ടു ചിത്രം വരപ്പിച്ച ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ നിരീക്ഷണം. സമൂഹത്തിന്റെ ധാര്‍മികതയോ ചിലരുടെ വികാരമോ ഒരു വ്യക്തിക്കെതിരേ കുറ്റം ചുമത്തി വിചാരണ നടത്താനാവില്ലെന്നും കോടതി.

🙏വീടിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ രണ്ടായിരം രൂപ കോഴ വാങ്ങിയ തൃശൂര്‍ കോര്‍പറേഷനിലെ റവന്യൂ ഇന്‍സ്പെക്ടര്‍ കെ നാദിര്‍ഷയെ വിജിലന്‍സ് അറസ്റ്റു ചെയ്തു. പനമുക്ക് സ്വദേശി സന്ദീപിന്റെ കൈയില്‍നിന്നാണു കോഴ വാങ്ങിയത്.

🙏അരിക്കൊമ്പനെ തിരുനെല്‍വേലി കളക്കാട് കടുവാ സങ്കേതത്തിലേക്ക് എത്തിക്കുന്നതിനെതിരേ എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. അരിക്കൊമ്പനെ കളക്കാട് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

🙏തിരുവനന്തപുരം ആര്യശാലയില്‍ തീപിടുത്തം. കെമിക്കല്‍ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്.

🙏കാസര്‍കോട് ഉദുമ പാലക്കുന്ന് പുഴയില്‍ 15 വയസുകാരന്‍ മുങ്ങി മരിച്ചു. ഉദുമ പാക്യാര സ്വദേശി മജീദിന്റെ മകന്‍ റാഷിദ് ആണ് മരിച്ചത്. കൂട്ടുകാരുമൊന്നിച്ചു കുളിക്കുന്നതിനിടെയാണ് അപകടം.

🙏കോഴിക്കോട് വെള്ളയില്‍ 74 കാരിയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. അയല്‍വാസിയായ രാജനെ കസ്റ്റഡിയിലെടുത്തു.

🙏വയനാട്ടില്‍ സസ്പെന്‍ഷനിലായ അംഗന്‍വാടി ടീച്ചര്‍ തൂങ്ങി മരിച്ചു. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയാണ് ജീവനൊടുക്കിയത്. ജലജയും അംഗന്‍വാടിയിലെ സഹപ്രവര്‍ത്തകയും തമ്മില്‍ വഴക്കുണ്ടായതിന്റെ പേരില്‍ ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

🙏കണ്ണൂരില്‍ മോഷണ ശ്രമം ചെറുത്ത ലോറി ഡ്രൈവര്‍ ജിന്റോയെ കുത്തിക്കൊന്ന രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി സ്വദേശി അല്‍ത്താഫ്, കതിരൂര്‍ സ്വദേശി ഷബീര്‍ എന്നിവരാണ് പിടിയിലായത്.

🙏ഇടപ്പള്ളിയിലെ ഹോട്ടലില്‍ പാലക്കാട് തിരുനെല്ലായി സ്വദേശിനി ലിന്‍സിയെ (26) കൊലപ്പെടുത്തിയതിനു ഒപ്പം താമസിച്ചിരുന്ന വാടാനപ്പിള്ളി തൃത്തല്ലൂര്‍ സ്വദേശി ജെസില്‍ ജലീലിനെ (36) അറസ്റ്റു ചെയ്തു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് അടിച്ചു വീഴ്ത്തിയും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ്.

ദേശീയം

🙏നീതി കിട്ടാന്‍ തടസമാണെങ്കില്‍ ജോലി രാജിവയ്ക്കുമെന്ന് ഗുസ്തി താരം സാക്ഷി മാലിക്. റെയില്‍വേയിലെ ജോലി കാണിച്ച് പേടിപ്പിക്കരുതെന്നും സാക്ഷി മാലിക് പറഞ്ഞു. ബ്രിജ് ഭൂഷണെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി അമിത്ഷായെ കണ്ടതിനു പിറകേ സാക്ഷി മാലിക് അടക്കമുള്ള ഗുസ്തി താരങ്ങള്‍ ജോലിയില്‍
പ്രവേശിച്ചിരുന്നു.

🙏വിദേശകാര്യ മന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തില്‍ തീപിടുത്തം. ജവഹര്‍ലാല്‍ നെഹ്റു ഭവനിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടാം നിലയിലെ ബി സെക്ഷനിലുള്ള സെര്‍വര്‍ റൂമിലാണ് തീപിടിച്ചത്.

🙏കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തു ഹിന്ദു – മുസ്ലീം വര്‍ഗീയത പറഞ്ഞ് വെറുപ്പിന്റെ മെഗാ മാള്‍ തുറന്നിരിക്കുകയാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങള്‍ രാഹുലിന് ദഹിക്കുന്നില്ലെന്നും നദ്ദ വിമര്‍ശിച്ചു.

🙏ഒഡിഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ട്രെയിന്‍ അപകടം നടന്ന ബാലസോറില്‍ മമത ബാനര്‍ജി എത്തിയിരുന്നു. ആശുപത്രികളില്‍ കഴിയുന്ന പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

🙏ബിഹാറിലെ ഭഗല്‍പൂരില്‍ ഗംഗാനധിക്കു കുറുകേ പണിതുകൊണ്ടിരിക്കുന്ന പാലം തകര്‍ന്നു വീണതല്ല, തകര്‍ത്തതാണെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. രൂപകല്‍പനയില്‍ ഗുരുതര പിഴവു കണ്ടെത്തിയതിനാലാണ് 1,700 കോടി രൂപ മടക്കി നിര്‍മിക്കുന്ന പാലം തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു.

Advertisement