കടപുഴയിലെ മൂന്ന് ക്ഷേത്രങ്ങളിൽഒരേ ദിവസം കവർച്ച നടത്തിയമോഷ്ടാവ് അറസ്റ്റിൽ

Advertisement

കുന്നത്തൂർ : ഒരേ ദിവസം മൂന്ന് ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതിയെ ശാസ്താംകോട്ട പോലീസ് അറസ്റ്റു ചെയ്തു.അടൂർ പറക്കോട് ടി.ബി ജംഗ്ഷനു സമീപം കല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ തുളസീധരൻ (41 ) ആണ് പിടിയിലായത്.തിങ്കളാഴ്ച രാത്രിയിലാണ് ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ കടപുഴ പാട്ടമ്പലം അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രത്തിലും കിഴക്കടത്ത് ഭുവനേശ്വരി ക്ഷേത്രത്തിലും,ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷൻ പരിധിയിലെ ഇലവൂർക്കാവ് കണ്ഠകർണ്ണസ്വാമി ക്ഷേത്രത്തിലും മോഷണം നടന്നത്.പാട്ടമ്പലം ക്ഷേത്രത്തിലെ ശ്രീകോവിലും ഉപദേവാലയവും, തിടപ്പള്ളിയും തിടപ്പള്ളിയോട് ചേർന്ന മുറിയും, കണ്ഠകർണ്ണസ്വാമി ക്ഷേത്രത്തിലെ ഗണപതി കോവിലിന്റെയും ഊട്ടുപുരയുടെയും, ഓഫീസ് റൂമിന്റെയും പൂട്ടുകളും, കിഴക്കടത്ത് ക്ഷേത്രത്തിലെ വഞ്ചിയും കുത്തി തുറന്നാണ് പ്രതി മോഷണം നടത്തിയത്. പാട്ടമ്പലം ക്ഷേത്രത്തിൽ നിന്നും ഓഫീസ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും, കാണിക്ക വഞ്ചി കുത്തിതുറന്ന് പണവും ഭക്തർ നിക്ഷേപിച്ചിരുന്ന ലോഹങ്ങൾ കൊണ്ടുള്ള രൂപങ്ങളും, ഭുവനേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലെ പണവും അപഹരിച്ചിട്ടുണ്ട്.

പ്രതിയെ പിടികൂടാനായി ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. വിരലടയാള വിദഗ്ദ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിലായത്. ഒരാഴ്ച മുമ്പ് മറ്റൊരു മോഷണക്കേസ്സുമായി ബന്ധപ്പെട്ട് ജയിൽ മോചിതനായ ആളാണെന്നും നിരവധി കേസ്സുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു . പ്രതിയെ പിടികൂടുന്ന സമയം ഇയാൾ ഉപയോഗിച്ചിരുന്ന ആക്ടീവ സ്ക്കൂട്ടർ കൊല്ലം ആശ്രാമം ഭാഗത്തു നിന്നും മോഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തി.

Advertisement