എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികം, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ബഹുജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

കരുനാഗപ്പള്ളി. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൌൺ ക്ലബ്ബിൽ നടന്ന പൊതു സമ്മേളനം മുൻ മന്ത്രിയും സിപിഐ എം നേതാവുമായ എളമരം കരീം ഉദ്ഘാടനം ചെയ്തു. മോദി ഏകാധിപതി ആണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഇന്ത്യൻ പ്രസിഡന്റിനെ തന്നെ മാറ്റി നിർത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

സ്വാർത്ഥത മനോഭാവം വച്ച് പുലർത്തി മുന്നോട്ട് പോകുന്ന ഒരു ഭരണാധികാരിയാണ് നരേന്ദ്ര മോഡി. കേരളത്തിലെ ഇടത് സർക്കാരിനെയും സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ജനകീയ പദ്ധതികളെയും ഇല്ലാതാക്കാൻ ബിജെപി യും കോൺഗ്രസ്സും കൂട്ടായി ശ്രമിക്കുന്നു. കേന്ദ്ര ഭരണം ഉപയോഗിച്ച് കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങളും ഇല്ലാതാകുന്നു. എന്നാൽ ഇതിനെ എല്ലാം അതിജീവിച്ചു വലിയ ജന പിന്തുണയോടെയാണ് ഇടത് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രി ജെ ചിഞ്ചു റാണി, എ എം ആരിഫ് എംപി, സി കെ ഗോപി, സൂസൻ കൊടി, ഐ ഷിഹാബ്, പി ആർ വസന്തൻ, എസ് കൃഷ്ണകുമാർ, പി കെ ജയപ്രകാശ്, പി ബി സത്യദേവൻ, സി രാധാമണി, കടത്തൂർമൻസൂർ, ജഗത് ജീവൻ ലാലി, ഷംസുദ്ധീൻ മുസ്‌ലിയാർ, നൂറുദ്ദീൻകുട്ടി തുടങ്ങിയ എൽഡിഎഫ് നേതാക്കൾ യോഗത്തിൽ അഭിവാദ്യം ചെയ്തു സംസാരിച്ചു. വിവിധ പഞ്ചായത്തു കമ്മിറ്റുകളുടെ നേതൃത്വത്തിൽ പ്രകടനമായിട്ടാണ് പ്രവർത്തകർ ടൌൺ ക്ലബ്ബിലേക്ക് എത്തിയത്.

Advertisement