രണ്ടാം ദിവസവും തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ അരിക്കൊമ്പൻ

കമ്പം . അസാധാരണ മെയ് വഴക്കത്തോടെ രണ്ടാം ദിവസവും തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ അരിക്കൊമ്പൻ . ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം ജനവാസ മേഖലയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ കൊമ്പൻ ഉണ്ട്. ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ച് പ്രത്യേകസംഘം പിന്നാലെ ഉണ്ടെന്ന് കമ്പം എംഎൽഎ എൻ രാമകൃഷ്ണൻ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് ശേഷം കുത്തനാച്ചിയാർ വനത്തിലേക്ക് പോയ കൊമ്പൻ ഇന്ന് രാവിലെ വീണ്ടും ജനവാസ മേഖലയ്ക്ക് 200 മീറ്റർ അടുത്ത് വരെ തിരിച്ചെത്തി. ജിപിഎസ് സിഗ്നൽ പ്രകാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആനയേ നേരിട്ട് കണ്ടെത്താൻ പല സംഘങ്ങളായി തിരിഞ്ഞ് സുരളി മുതൽ പരിശോധന നടത്തി. അവസാന വിവരമനുസരിച്ച് ഷണ്മുഖ നദി ഡാമിൻറെ സമീപത്താണ് അരിക്കൊമ്പൻ. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മയക്കു വെടി വയ്ക്കാനുള്ള സംഘത്തിലെ അംഗങ്ങളും ഷണ്മുഖനദി ഡാം പരിസരത്ത് തുടരുന്നുണ്ട്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഉള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട് എന്ന് കമ്പം എംഎൽഎ എൻ രാമകൃഷ്ണൻ പറഞ്ഞു.

വനാതിർത്തിയിൽ നിന്ന് 2 കിലോമീറ്റർ എങ്കിലും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മാത്രമേ മയക്ക് വെടി വയ്ക്കു.

Advertisement