കൊച്ചി: എട്ടുവര്‍ഷമായി ജന്മം കാത്തിരിക്കുന്ന ഭ്രൂണത്തിന് ജീവന്റെ തുടിപ്പിന് വഴിയൊരുക്കി ഹൈക്കോടതി. ദമ്പതികളുടെ വന്ധ്യതാ ചികിത്സയുടെ ഭാഗമായി എട്ട് വര്‍ഷമായി ആശുപത്രിയില്‍ ശീതികരിച്ചു സൂക്ഷിച്ചിട്ടുള്ള ഭ്രൂണം തുടര്‍ചികിത്സ തേടുന്ന മറ്റൊരു ആശുപത്രിയിലേക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു.
പെരുമ്പാവൂര്‍ സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. കുഞ്ഞിന് ജന്മം നല്‍കുകയെന്ന ദമ്പതികളുടെ ആഗ്രഹവും ജീവിക്കാനുള്ള അവകാശവും പരിഗണിക്കണമെന്നു കോടതി പറഞ്ഞു. ബാധകമല്ലാത്ത നിയമവ്യവസ്ഥയുടെ പേരില്‍ അത് നിഷേധിക്കാനാകില്ല.

2007ല്‍ വിവാഹിതരായ ദമ്പതികള്‍ കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ വന്ധ്യതയ്ക്ക് ചികിത്സ തേടിയിരുന്നു. ചികിത്സാ നടപടിക്രമങ്ങളുടെ ഭാഗമായി ബീജസങ്കലനം നടത്തിയ ശേഷമുള്ള ഭ്രൂണം 2014 മുതല്‍ ശീതികരിച്ച് സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഗര്‍ഭപാത്രത്തിന് വേണ്ടത്ര ശേഷി കൈവരിക്കാനായില്ലെന്ന കാരണത്താല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം 2016ല്‍ ചികിത്സ നിര്‍ത്തി. സമാന ചികിത്സ നടത്തിയ ബന്ധുവിന് ഇരട്ടക്കുട്ടികള്‍ പിറന്നതോടെയാണ് ഈ ദമ്പതികളിലും പ്രതീക്ഷ ഉദിച്ചത്

മൂവാറ്റുപുഴയിലെ സബൈന്‍ ആശുപത്രിയില്‍ തുടര്‍ചികിത്സ നടത്താന്‍ ഭ്രൂണം കൈമാറണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടെങ്കിലും 2022 ജനുവരിയില്‍ നിലവില്‍ വന്ന അസിസ്റ്റഡ്‌റീ പ്രോഡക്ടീവ് ടെക്‌നോളജി (ആര്‍ട്ട്) നിയന്ത്രണ നിയമം അനുസരിച്ച് ഭ്രൂണം കൈമാറുന്നത് അനുവദനീയമല്ലെന്നു മറുപടി കിട്ടിയ സാഹചര്യത്തിലാണ് ഹര്‍ജി. പരമാവധി പത്ത് വര്‍ഷമാണ് ഭ്രൂണം സംരക്ഷിക്കാന്‍ കഴിയുന്നതെന്നും ഇപ്പോള്‍ തന്നെ എട്ട് വര്‍ഷം കഴിഞ്ഞതിനാല്‍ അനുമതി വൈകരുതെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ.എബ്രഹാം വാക്കനാല്‍ വാദിച്ചു.

കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ 2014 മുതല്‍ ഭ്രൂണം സൂക്ഷിച്ചതിന്റെ ചെലവ് ഹര്‍ജിക്കാര്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് ഭ്രൂണം വിട്ടു നല്‍കണം. മൂവാറ്റുപുഴ സബൈന്‍ ആശുപത്രി അധികൃതര്‍ അത് സ്വീകരിച്ച് കരുതലോടെ സൂക്ഷിക്കണം. ഹര്‍ജി അടുത്താഴ്ച വീണ്ടും പരിഗണിക്കും.

അസിസ്റ്റഡ് റീപ്രോഡക്ടീവ് ടെക്‌നോളജി നിയന്ത്രണ നിയമം വന്ധ്യത ചികിത്സയ്ക്ക് വരുന്നവരെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ദേശീയ ബോര്‍ഡിന്റെ അനുമതിയോടെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാം എന്നല്ലാതെ ഭ്രൂണം വില്‍ക്കാനും കൈമാറാനും ഉപയോഗിക്കാനും പാടില്ലെന്നാണഅ 29ാം വകുപ്പില്‍ പറയുന്നത്. പ്രത്യുല്പാദനകോശം, അണ്ഡം, ഭ്രൂണം, തുടങ്ങിയവ വില്‍ക്കുന്നതും മറ്റും തടയാന്‍ ഉദ്ദേശിച്ചാണ് വ്യവസ്ഥ..