എം എൽ എയുടെ ആവശ്യപ്രകാരം റോഡിലെ വൻ കുഴികളിൽ വെള്ളം നീക്കാതെ സ്പെഷ്യൽ ടാറിംഗ്, ജോലി തുടങ്ങിയത് അർദ്ധരാത്രി

കുന്നത്തൂർ: വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡിലെ കുഴികളിൽ നാട്ടുകാർ ഉറങ്ങിയ നേരം നോക്കി അർദ്ധരാത്രിയിൽ ഓട്ടയടക്കാനുള്ള ശ്രമം വിഫലമായി.

കുന്നത്തൂർ നെടിയവിള – വേമ്പനാട്ടഴികത്ത് റോഡിൽ പുത്തനമ്പലം ജംഗ്ഷനിൽ ശനിയാഴ്ച രാത്രി 12 ഓടെ ആയിരുന്നു സംഭവം.

കുണ്ടും കുഴിയുമായി കിടക്കുന്ന ഈ ഭാഗത്ത് പിക്കപ്പ് വാനിൽ മെറ്റലും പാറപ്പൊടിയും എത്തിച്ച്‌ കുഴി അടയ്ക്കാനായിരുന്നു ശ്രമം. വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴികളിൽ അത് നീക്കം ചെയ്യാതെ മെറ്റലും പാറപ്പൊടിയുമിട്ട് അതിനു മുകളിൽ ടാറിനെക്കാൾ കറുത്ത നിറമുള്ള പശപ്പുള്ള മിശ്രിതം ഒഴിക്കുകയായിരുന്നു. എന്നാൽ ശബ്ദം കേട്ട് പ്രദേശവാസികൾ എത്തുകയും കുന്നത്തൂർ പഞ്ചായത്തംഗങ്ങളായ രാജൻ നാട്ടിശേരി,അനീഷ്യ എന്നിവരുടെ നേതൃത്വത്തിൽ തടയുകയുമായിരുന്നു. എം.എൽ.എ പറഞ്ഞിട്ടാണ് തങ്ങൾ എത്തിയതെന്നായിരുന്നു തൊഴിലാളികളുടെ വാദം. തുടർന്ന് എം.എൽ.എ യെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി നിർമ്മാണം നിറുത്തി വയ്പിക്കുകയും ചെയ്തു.

Advertisement