തിരക്കേറിയ ജങ്ഷൻ, ചുറ്റും വാഹനങ്ങൾ, റോഡിന് ഒത്ത നടുവിൽ നൃത്തം, എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് സോഷ്യൽ മീഡിയ

Advertisement

സോഷ്യൽ മീഡിയയിൽ വൈറലാവാൻ പലരും എന്തും ചെയ്യുന്ന കാലമാണ്. സ്വന്തം സുരക്ഷയോ മറ്റുള്ളവരുടെ സുരക്ഷയോ നോക്കാതെ റീൽസ് ചെയ്യുന്നവരുമുണ്ട്. അത്തരമൊരു വീഡിയോ ചിത്രീകരണ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

നല്ല തിരക്കുള്ള റോഡിൻറെ നടുവിലേക്ക് ഒരു പെൺകുട്ടി പതിയെ നടന്നുവരുന്നു. ശേഷം കയ്യിലെ ബാഗ് റോഡിലേക്ക് വലിച്ചെറിയുന്നു. പിന്നാലെ റോഡിൽ കിടന്ന് പെൺകുട്ടി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇതോടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം മുന്നോട്ട് പോവാൻ കഴിയാതെ സഡൻ ബ്രേക്കിട്ടു. ട്രാഫിക് സിഗ്നലുള്ള തിരക്കേറിയ ജങ്ഷനിലായിരുന്നു പെൺകുട്ടിയുടെ ഡാൻസ്.

എവിടെയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നും ആരാണ് വീഡിയോയിലുള്ളതെന്നും വ്യക്തമല്ല. 23 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനകം മില്യൺ കണക്കിനാളുകൾ കണ്ടുകഴിഞ്ഞു. വീഡിയോയ്ക്ക് താഴെ രൂക്ഷവിമർശനങ്ങളുമുണ്ട്. ഇത് എന്തുതരം മതിഭ്രമമാണെന്നാണ് ഒരാളുടെ ചോദ്യം. തിരക്കേറിയ റോഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ, ബസുകൾ എന്നിങ്ങനെ പൊതുസ്ഥലങ്ങളിൽ ശല്യമുണ്ടാക്കുന്ന, ചിലപ്പോൾ നിരപരാധികളുടെ ജീവൻ പോലും അപകടത്തിലാക്കുന്നവരെ ശിക്ഷിക്കണം എന്നാണ് ഒരാളുടെ അഭിപ്രായം.

ഈ മണ്ടത്തരത്തിനും ഗതാഗത തടസ്സത്തിനും പിഴ ചുമത്താൻ നിയമം ഉണ്ടാകണമെന്ന് മറ്റൊരാൾ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ അവർക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല, ഒരു റീലിനായി ആളുകൾ അവരുടെ ജീവൻ അപകടത്തിലാക്കുന്നു എന്നെല്ലാമാണ് മറ്റ് കമൻറുകൾ.

Advertisement