കണ്ണൂർ: സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ നേതാവുമായിരുന്ന സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ടിപി ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കേസിലെ മറ്റ് 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രസ്താവിച്ചത്. ശിക്ഷ സംബന്ധിച്ച വാദം ഉച്ചയ്ക്കുശേഷം നടക്കും.
കൊലപാതകം നടന്ന് പത്തുവർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്. കേസിൽ ആകെ 20 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു ഒരു വർഷത്തിനുശേഷം കൊല്ലപ്പെട്ടിരുന്നു.
2016 ജൂലൈ 11ന് രാത്രിയാണ് വീടിനു മുന്നിൽവച്ച് ധനരാജ് കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തിയ സംഘം ധനരാജിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പിൻവശത്തുവച്ച് വെട്ടിവീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും മുന്നിലായിരുന്നു ആക്രമണം. രാഷ്ട്രീയവിരോധത്തെത്തുടർന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
ആദ്യ മൂന്ന് പ്രതികളായ ടിപി ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരാണ് ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. വിപിനും വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ. അനൂപും പത്താം പ്രതി കെ. മനൂപും സഹോദരങ്ങളാണ്. ഒമ്പതാം പ്രതി പി. രാജേഷ് കുമാറിന്റെ സഹോദരനാണ് പതിനെട്ടാം പ്രതി രമേശൻ. പതിനാറാം പ്രതി തിരുവനന്തപുരം സ്വദേശി കണ്ണൻ എന്ന അജീഷ് ആർഎസ്എസ് ജില്ലാ പ്രമുഖനായിരുന്നു.
ധനരാജിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെ 43 സാക്ഷികളാണ് കേസിലുള്ളത്. സാക്ഷിപ്പട്ടികയിലുള്ള മൂന്നുപേർ കോടതിയിൽ ഹാജരായില്ല. ധനരാജിനെ കൊലപ്പെടുത്താൻ രണ്ടിടങ്ങളിൽ ഗൂഢാലോചന നടന്നെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. 127 രേഖകളും വസ്ത്രങ്ങൾ, ആയുധങ്ങൾ, വാഹനങ്ങൾ എന്നിവയുൾപ്പെടെ 33 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
Advertisement


























