തിരുവനന്ത പുരം. മുതിർന്ന നേതാവ് പി ജെ ജോസഫിനും ക്യാബിനറ്റ് റാങ്ക് പദവി ഉറപ്പിച്ചു. കാർഷിക വികസന സമിതി ചെയർമാനാക്കാൻ UDF ൽ ധാരണയായി. പാലാ എം എൽ എ മാണി സി കാപ്പന് നോർക്ക വൈസ് ചെയർമാൻ പദവി നൽകാനും തീരുമാനം. പദവികളിൽ വേഗത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും
കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി ജെ ജോസഫും മാണി സി കാപ്പനും പദവി ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സർക്കാർ അധികാരമേറ്റതിന് പിന്നാലെ തുടങ്ങിയ ചർച്ച അനിശ്ചിതമായി നീണ്ടു, തർക്കങ്ങൾ ഉണ്ടായി. ഒടുവിലാണ് ധാരണയിലെത്തുന്നത്.
പിജെ ജോസഫിനെ ക്യാബിനറ്റ് റാങ്ക് പദവിയോടെ കാർഷിക വികസന സമിതി ചെയർമാനാക്കും. മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാനാകും.
മകൻ അപു ജോസഫിന് നേരത്തേ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനം നൽകിയതിനാൽ പിതാവിനും പദവി നൽകുന്നതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. ഒരു വീട്ടിലെ രണ്ട് പേർക്ക് ക്യാബിനറ്റ് റാങ്ക് എന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്. ജോസഫ് വിഭാഗത്തിലെ തന്നെ മുതിർന്ന നേതാവും ഇരിങ്ങാലക്കുട എം എൽ എയുമായ തോമസ് ഉണ്ണിയാടനെയോ മറ്റോ പരിഗണിക്കുകയാണെങ്കിൽ മാത്രം പദവി നൽകിയാൽ മതിയെന്നാണ് ഈ നേതാക്കളുടെ വാദം. എന്നാൽ പദവി നേരത്തേ വാഗ്ദാനം ചെയ്തതായതിനാൽ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഭാഗം. ഘടകകക്ഷികളെ പിണക്കാതെ നീങ്ങാനാണ് മുഖ്യമന്ത്രിയുടെ ശ്രമവും.
മന്ത്രിസഭയിൽ പരിഗണിക്കുമെന്ന് ഉറപ്പിച്ചിരുന്ന മാണി സി കാപ്പൻ അവസാന നിമിഷം മാറ്റപ്പെട്ടതോടെ മുഖ്യമന്ത്രി തന്നെ ക്യാബിനറ്റ് പദവി ഉറപ്പ് നൽകിയിരുന്നു. എന്നാൽ തീരുമാനം അനിശ്ചിതമായ നീണ്ടതോടെ കാപ്പന് കടുത്ത അതൃപ്തിയിലായി. പലതവണ മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് അനുകൂല ഘട്ടമെത്തിയത്. ഇരുവരുടെയും സ്ഥാനങ്ങളിൽ വേഗത്തിൽ പ്രഖ്യാപനം ഉണ്ടാകും. അതേസമയം ബോർഡ് – കോർപ്പറേഷൻ പദവികളിൽ തീരുമാനം നീളുന്നതിലെ ജോസഫ് വിഭാഗത്തിന്റെ പരാതി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്…
മുതിർന്ന നേതാവ് പി ജെ ജോസഫിനും ക്യാബിനറ്റ് റാങ്ക് പദവി ഉറപ്പിച്ചു
Advertisement































