29.7 C
Kollam
Wednesday 28th October, 2026 | 10:52:37 AM
Home News Kerala ജഡ്ജിയുടെ ഫ്ലാറ്റിൽ ഏഴു മണിക്കൂർ പരിശോധന; ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു

ജഡ്ജിയുടെ ഫ്ലാറ്റിൽ ഏഴു മണിക്കൂർ പരിശോധന; ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു

Advertisement

ചേരാനല്ലൂർ: പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്ലാറ്റിൽ അന്വേഷണ സംഘം നടത്തിയ പരിശോധന ഏഴു മണിക്കൂറോളം നീണ്ടു. രാത്രി ഒമ്പതോടെ ആരംഭിച്ച പരിശോധന പുലർച്ചെ നാലോടെയാണ് അവസാനിച്ചത്. കമ്പനിപ്പടിയിലെ ഫ്ലാറ്റിൽനിന്ന് ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ജീവനക്കാരുടെ മൊഴികളും അന്വേഷണ സംഘം ശേഖരിച്ചു.

അതിനിടെ, 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നും ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. അപകടത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽനിന്ന് ഡിലീറ്റ് ചെയ്യിപ്പിച്ച പൊലീസുകാരനെതിരെയും ജഡ്ജിക്കെതിരെയും കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പണവും ഉന്നത സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായും കുടുംബം ആരോപിക്കുന്നു.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെയുള്ളവർ ഇടപെട്ട് അന്വേഷണം ഉറപ്പുനൽകിയതിനെത്തുടർന്ന് കുടുംബം സമരം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. അന്വേഷണത്തിൽ നീതി ഉറപ്പാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഒക്ടോബർ 25ന് പുലർച്ചെയാണ് എറണാകുളം ചേരാനല്ലൂരിൽ ജയബാലകൃഷ്ണൻ (55) സഞ്ചരിച്ച സ്കൂട്ടറിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ചത്. അപകടത്തിൽ ജയബാലകൃഷ്ണൻ മരിച്ചു. കാർ ഓടിച്ചിരുന്നത് അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ എഡിജിപി പി. വിജയൻ ഇന്നലെ ജയബാലകൃഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here