തൃശൂർ: അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചതോടെ ഭാര്യയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ മരത്തംകോട് പുതിയമാത്തൂർ ചിറപുറത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശി മുഹമ്മദ് മുംതാബ് മിയാനാണ് (42) കൊല്ലപ്പെട്ടത്. ഭാര്യ റോഷൻ കാത്തൂണും ബിഹാർ സ്വദേശിയായ ഹസന്നാൻ (38) എന്നയാളുമാണ് കസ്റ്റഡിയിലുള്ളത്.
ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ഭാര്യയും കുടുംബാംഗങ്ങളും പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇൻക്വസ്റ്റ് നടപടികൾക്കിടെ മൃതദേഹത്തിൽ കഴുത്തിൽ അടയാളങ്ങൾ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നി. ഇക്കാര്യം പോസ്റ്റ്‌മോർട്ടത്തിനു മുമ്പ് പൊലീസ് സർജനെയും അറിയിച്ചു. പരിശോധനയ്ക്കുശേഷം കഴുത്തുഞെരിച്ചും മുഖവും വായും പൊത്തിപ്പിടിച്ചുമാണ് മരണം സംഭവിച്ചതെന്ന് പൊലീസ് സർജൻ സ്ഥിരീകരിച്ചതായാണ് വിവരം.
എട്ടുവർഷം മുമ്പാണ് മുഹമ്മദ് മുംതാബ് മിയാനും കുടുംബവും ജോലി തേടി തൃശൂരിലെത്തിയത്. കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന ഇയാൾ സ്ഥിരമായി മദ്യപിക്കുകയും വീട്ടിൽ വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിനിടെ ഭാര്യയ്ക്ക് ഹസന്നാനുമായി അടുപ്പമുണ്ടായെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് അന്വേഷണത്തിലെ പ്രാഥമിക വിവരം.
സംഭവദിവസം മുഹമ്മദ് മുംതാബും ഹസന്നാനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായെന്നാണ് വിവരം. തുടർന്ന് ഇരുവരും തമ്മിൽ സംഘർഷമുണ്ടായി. ഭാര്യയും ഹസന്നാന്റെ പക്ഷം ചേർന്നതോടെ ഇരുവരും ചേർന്ന് മുഹമ്മദ് മുംതാബിനെ കഴുത്തുഞെരിച്ചും മുഖവും വായും പൊത്തിപ്പിടിച്ചും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ സംശയം.
വീടിനു പുറത്തുവെച്ചാണ് ഇയാൾ മരിച്ചതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. തുടർന്ന് തോർത്ത് ഉപയോഗിച്ച് മൃതദേഹം വലിച്ചുകൊണ്ടുവന്ന് വീടിനുള്ളിൽ കിടത്തിയെന്നും പിറ്റേന്ന് രാവിലെ സ്വാഭാവിക മരണമാണെന്ന് അയൽവാസികളെ അറിയിച്ചെന്നുമാണ് പൊലീസ് പരിശോധിക്കുന്നത്.
കൊലപാതകം നടക്കുമ്പോൾ ദമ്പതികളുടെ രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ടതിനെത്തുടർന്ന് കുട്ടികൾ മുറിയടച്ചിരുന്നതായാണ് വിവരം. മരണത്തിൽ സംശയം തോന്നിയ പൊലീസ് ഭാര്യയെയും സുഹൃത്തിനെയും നിരീക്ഷണത്തിലാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് വ്യക്തമായതോടെ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.
അയൽവാസികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യലഹരിയിൽ ഭർത്താവ് ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഭാര്യ മൊഴി നൽകിയതായാണ് വിവരം. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.


























