29.7 C
Kollam
Monday 12th October, 2026 | 03:43:07 PM
Home News Breaking News പൊലീസ് ആക്രമണം,ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ്...

പൊലീസ് ആക്രമണം,ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷവും തുടര്‍ന്നുണ്ടായ പൊലീസ് അതിക്രമവും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സിപിഎമ്മിലെ വി ജോയിയാണ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പൊലീസ് മര്‍ദ്ദനത്തിനിടെ പൊട്ടിയ ലാത്തിയുടെ ഭാഗവും ജോയി സഭയില്‍ പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരത്ത് നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് നരനായാട്ടാണ്. കന്റോണ്‍മെന്റ് എസ് ഐ ഗോകുല്‍ 34 സെക്കന്‍ഡ് കൊണ്ട് 26 തവണയാണ് വിദ്യാര്‍ഥികളെ അടിച്ചതെന്നും വി ജോയ് പറഞ്ഞു.

സഭയില്‍ വി ജോയ് ഉയര്‍ത്തിക്കാട്ടിയ ലാത്തിയുടെ ഭാഗം വാങ്ങാന്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാച്ച് ആന്റ് വാര്‍ഡിന് നിര്‍ദേശം നല്‍കി. ലാത്തിയുടെ ഭാഗം പരിശോധിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ചു. കന്റോണ്‍മെന്റ് സി.ഐയും എസ്.ഐയും ജോലി കഴിഞ്ഞ് വീട്ടില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങളെ താലോലിക്കാന്‍ കഴിയാതെ ഇല്ലാതാക്കിക്കളയുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍?ഗ്രസ്- കെഎസ് യു പ്രവര്‍ത്തകരെ തലതല്ലിപ്പൊട്ടിച്ചു. രക്ഷാപ്രവര്‍ത്തനമെന്ന പേരില്‍ ഭീകരമായ മര്‍ദ്ദനത്തിന്റെ ഇരയായ എഡി തോമസ് എംഎല്‍എ ഈ സഭയിലുണ്ട്. ഞങ്ങള്‍ ആരെയും കൊല്ലുമെന്ന് പറഞ്ഞിട്ടില്ല. ഒരു പൊലീസുകാരന്റെയും വീട്ടിലേക്ക് മാര്‍ച്ചും നടത്തിയിട്ടില്ല. കാരണം പൊലീസുകാര്‍ക്കെതിരെയല്ല, സര്‍ക്കാരിനെതിരെയാണ് സമരം നടത്തേണ്ടത്. ഇപ്പോള്‍ ജോയിയെപ്പോലൊരാള്‍ പൊലീസിന്റെ ലാത്തിയുമായി സഭയിലെത്തിയിരിക്കുകയാണ്. മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

നിങ്ങളും ആഭ്യന്തരമന്ത്രിയായിരുന്ന ആളല്ലേ, ഏതെങ്കിലും ലാത്തിച്ചാര്‍ജ്ജിന്റെ പേരില്‍ പൊലീസുകാരന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും, പൊലീസുകാരനെ കൊല്ലുമെന്ന് പറയുന്നത്, അമ്മയെ കാണിക്കില്ലെന്ന് പറയുന്നത് ശരിയാണോ എന്ന് പിണറായി വിജയനോടും മന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു. 10 വര്‍ഷം ഭരിച്ച പൊലീസ് തന്നെയാണ് ഇപ്പോഴുമുള്ളത്. തമിഴ്‌നാട്ടില്‍ നിന്നും പൊലീസുകാരെയൊന്നും ഇറക്കിയിട്ടില്ല. യൂത്ത് കോണ്‍?ഗ്രസ് മാര്‍ച്ചിന് നേരെ ഹോസ്റ്റലില്‍ നിന്നും ബിയര്‍ കുപ്പി എറിഞ്ഞു. വിദ്യാര്‍ഥികള്‍ മാത്രമല്ല ഹോസ്റ്റലില്‍ താമസിക്കുന്നത്. കാലങ്ങളായി താമസിക്കുന്നവരെക്കുറിച്ച് അന്വേഷിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി അക്കാര്യം പരിശോധിക്കട്ടെയെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

പൊലീസ് ആരുടേയും തല അടിച്ചു പൊട്ടിച്ചിട്ടില്ല. വെറുതെ സഭയില്‍ വന്ന് കള്ളം പറയരുത്. സര്‍ക്കാരിനെതിരെ സമരം നടത്തിയത് എന്തിനെന്ന് വിശദീകരിക്കാന്‍ പോലും എസ്എഫ്‌ഐക്ക് സാധിച്ചിട്ടില്ല. ഏതെങ്കിലും സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറുമാസത്തിനകം പ്രതിപക്ഷം ഇങ്ങനെ സമരം നടത്തുന്നതിന് പിന്നിലെ കാരണം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. അതെന്താണെന്ന് താന്‍ പറയുന്നില്ല. ദയവായി കുട്ടികളെ വെറുതെ തെരുവില്‍ ഇറക്കി അനാവശ്യ സമരം നടത്തരുതെന്ന് പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിന്നാലെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വലിയ വാഗ്വാദം ഉണ്ടായി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

LEAVE A REPLY

Please enter your comment!
Please enter your name here