കട്ടപ്പന: ഇടുക്കിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനുനേരെ കരിങ്കൊടി കാണിച്ച നാല് യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ അറസ്റ്റിൽ. കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം കട്ടപ്പനയിലേക്ക് പോകുന്ന വഴിയാണ് റോഡരികിൽ കാത്തുനിന്ന പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
യൂത്ത് ഫ്രണ്ട് (എം) ജില്ല പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ല ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.
ഇ.എസ്.ഐ പരിധിയിൽനിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും ചിന്നക്കനാലിലെ ആനത്താരകൾ പുനസ്ഥാപിക്കാനുള്ള കലക്ടറുടെ ഉത്തരവ് പിൻവലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു കരിങ്കൊടി പ്രതിഷേധം.
സർക്കാറിന്‍റെ അറിവോടെ ഇടുക്കി ജില്ല കലക്ടർ പുറപ്പെടുവിച്ച മനുഷ്യ-വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ജനദ്രോഹ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.





























