27.2 C
Kollam
Saturday 29th August, 2026 | 09:29:01 PM
Home News Breaking News സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തെ വിമര്‍ശിച്ചും സിപിഐയുടെ പാരമ്പര്യത്തെ പുകഴ്ത്തിയും ലീഗ്,എന്നാല്‍ സിപിഐയെ സ്വാഗതം ചെയ്തതല്ലെന്ന്...

സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തെ വിമര്‍ശിച്ചും സിപിഐയുടെ പാരമ്പര്യത്തെ പുകഴ്ത്തിയും ലീഗ്,എന്നാല്‍ സിപിഐയെ സ്വാഗതം ചെയ്തതല്ലെന്ന് കെപിഎ മജീദ്

തിരുവനന്തപുരം. നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി എല്‍ഡിഎഫില്‍ സിപിഐ – സിപിഎം തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, സിപിഐയെ പ്രകീര്‍ത്തിച്ചുകൊണ്ട് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെപിഎ. മജീദ് എഴുതിയ ലേഖനം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിലാണ് സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചും സിപിഐയുടെ പാരമ്പര്യത്തെ പുകഴ്ത്തിയും കെപിഎ മജീദ് ലേഖനമെഴുതിയത്. ലേഖനം പുറത്തുവന്നതിന് പിന്നാലെ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ, അത്തരമൊരു ക്ഷണം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പികെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും രംഗത്തെത്തി.

കേരള രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യ ധാരണയുള്ള ആരും തന്നെ സിപിഐ നേതാക്കള്‍ വെറും ഭൃത്യന്മാരാണെന്നോ സിപിഎമ്മിന്റെ ശാസനകള്‍ അന്ധമായി അനുസരിക്കുന്നവരാണെന്നോ കരുതുന്നില്ലെന്ന് കെപിഎ മജീദ് ലേഖനത്തില്‍ വ്യക്തമാക്കുന്നു. ജയപരാജയങ്ങള്‍ക്കപ്പുറം ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ സിപിഐക്ക് തനതായ വ്യക്തിത്വമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന ശേഷം സിപിഎം ഇല്ലാതെ തന്നെ പതിറ്റാണ്ടുകളോളം മുഖ്യമന്ത്രി പദം ഉള്‍പ്പെടെ വഹിച്ച് സിപിഐ അധികാരത്തില്‍ തുടര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സിപിഎമ്മിന്റെ വലയില്‍ വീണതോടെയാണ് സിപിഐ ഇന്ന് കോലായിലേക്ക് തള്ളപ്പെട്ടത്. കോണ്‍ഗ്രസും സിപിഐയും മുസ്ലിം ലീഗും ഒന്നിച്ച് ഭരിച്ച സി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിന്റെ വികസന അടിത്തറ പാകിയതും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പ്രസിദ്ധമായ ‘കേരള മോഡല്‍’ രൂപപ്പെട്ടതും. സിപിഎം മാത്രമാണ് ഈ യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്നത്.

തുടർന്ന് ആ രാഷ്ട്രീയ സമവാക്യത്തിൽ നിന്ന് മാറി സിപിഐ സിപിഐഎമ്മിനൊപ്പം ചേർന്നപ്പോഴും ഇരുപാർട്ടികളും പരസ്പരം ആത്മാഭിമാനത്തെ ചോദ്യം ചെയ്യാത്ത രീതിയിലുള്ള ആരോഗ്യകരമായ വിമർശനങ്ങളായിരുന്നു നടത്തിയിരുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ സർക്കാരിന്റെ നൂറുദിന ഭരണം തന്നെ കേരളത്തിലെ യഥാർത്ഥ ഇടതുപക്ഷം യുഡിഎഫ് ആണെന്ന് തെളിയിച്ചുകഴിഞ്ഞു. എൽഡിഎഫ് എന്ന ലേബൽ ഒട്ടിച്ചതുകൊണ്ട് മാത്രം ആരും ഇടതുപക്ഷമാവില്ലെന്ന് മനസ്സിലാക്കാൻ സിപിഐക്കെങ്കിലും സാധിക്കുമെന്നും മജീദ് കുറിച്ചു.

സംസ്ഥാനത്ത് വലിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ച ലേഖനത്തിന് മറുപടിയായി ചാനലുകള്‍ക്ക് മുന്നില്‍ മജീദ് എത്തി.സിപിഐയെ സ്വാഗതം ചെയ്തതല്ലെന്ന് കെപിഎ മജീദ് പറഞ്ഞു..

യുഡിഎഫിലേക്ക് വരണമെന്ന് പറയാൻ ഞാൻ ആളല്ല. സിപിഐയുടെ അംഗസംഖ്യയിൽ അല്ല കാര്യം.മുന്നണിയാകുമ്പോൾ ചെറു പാർട്ടികൾക്കും അവകാശമുണ്ട്.ഞങ്ങടെ കൂടെയായിരുന്നപ്പോൾ സിപിഐക്ക് മുഖ്യമന്ത്രി സ്ഥാനം വരെ നൽകി.

സിപിഐക്ക് നേരെ ഉണ്ടാകുന്ന ആക്ഷേപങ്ങൾ കണ്ടപ്പോൾ അവരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന സംഘടനയിലെ പ്രവർത്തകൻ എന്ന നിലയിൽ എനിക്കുണ്ടായ സഹതാപവും വേദനയുമാണ് എഴുതിയത്.

ലേഖനത്തിൽ ഒരു ദുരുദ്ദേശവും ഇല്ല.സിപിഐക്ക് വന്നു ഭവിച്ചിട്ടുള്ള പ്രയാസങ്ങളിൽ എന്തുചെയ്യണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്.

അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ താല്പര്യം ഇല്ല.സിപിഐ കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കാൻ കെൽപ്പുള്ള പാർട്ടി.വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിപിഐ ആണ്.

അവർ തീരുമാനിക്കുമ്പോൾ അല്ലേ യുഡിഎഫിൽ ചർച്ച ചെയ്യേണ്ടതുള്ളൂ

LEAVE A REPLY

Please enter your comment!
Please enter your name here