26.1 C
Kollam
Wednesday 16th September, 2026 | 05:25:03 AM
Home News Breaking News ഓണാഘോഷങ്ങളോടനുബന്ധിച്ച് റോഡ് തടഞ്ഞ് വടംവലി; യാത്രക്കാരിയെ ആക്രമിക്കാന്‍ ശ്രമം, ഒരാള്‍ അറസ്റ്റില്‍

ഓണാഘോഷങ്ങളോടനുബന്ധിച്ച് റോഡ് തടഞ്ഞ് വടംവലി; യാത്രക്കാരിയെ ആക്രമിക്കാന്‍ ശ്രമം, ഒരാള്‍ അറസ്റ്റില്‍

കൊട്ടാരക്കര: ഓണാഘോഷങ്ങളോടനുബന്ധിച്ച് റോഡ് തടഞ്ഞ് നടത്തിയ വടംവലി മത്സരത്തിനിടെ യാത്രക്കാരിയെയും കുടുംബത്തെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. പവിത്രേശ്വരം ചെറുപൊയ്ക അനീഷ് ഭവനില്‍ അനീഷ് കുമാര്‍ (45) ആണ് എഴുകോണ്‍ പോലീസിന്റെ പിടിയിലായത്.
27ന് വൈകിട്ട് 7.20ഓടെയായിരുന്നു സംഭവം. എറണാകുളം സ്വദേശിയും അഭിഭാഷകയുമായ പരാതിക്കാരി ബന്ധുവീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് ആക്രമണം. പവിത്രേശ്വരം ഭജനമഠം ഭാഗത്ത് റോഡ് പൂര്‍ണമായി തടഞ്ഞ് ഓണാഘോഷത്തിന്റെ ഭാഗമായി വടംവലി മത്സരം നടത്തുകയായിരുന്നു.
പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച വാഹനം സംഘം മനഃപ്പൂര്‍വം കടത്തിവിടാതിരുന്നതിനെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സംഘാടകരും നാട്ടുകാരും ചേര്‍ന്ന് വാഹനത്തിന് നേരെ ആക്രമണം നടത്തുകയും വാഹനത്തില്‍ അടിക്കുകയും ഏറെനേരം വഴിതടയുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
സംഘത്തില്‍പ്പെട്ടവര്‍ തങ്ങളെയും കുടുംബത്തെയും കടത്തിവിടാതെ തടഞ്ഞുനിര്‍ത്തിയെന്നും ഉടന്‍ അവിടെനിന്ന് പോയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി എഴുകോണ്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പത്തോളം പേരെ കൂടി പ്രതികളാക്കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ അനുമതിയില്ലാതെ ഗതാഗതം തടസ്സപ്പെടുത്തിയതും മൈക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയതും പ്രതികള്‍ക്കെതിരായ കുറ്റങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്ന മുറയ്ക്ക് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൂയപ്പള്ളി ഇന്‍സ്‌പെക്ടര്‍ മനോജ് അറിയിച്ചു. എഴുകോണ്‍ എസ്എച്ച്ഒ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അനീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.