27.1 C
Kollam
Wednesday 9th September, 2026 | 09:09:08 AM
Home News Breaking News കൊല്ലത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 1.46 കോടിയുടെ തിരിമറി; യുവാവും യുവതിയും അറസ്റ്റില്‍

കൊല്ലത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 1.46 കോടിയുടെ തിരിമറി; യുവാവും യുവതിയും അറസ്റ്റില്‍

കൊട്ടാരക്കര: കൊട്ടാരക്കര വയയ്ക്കലിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 1.46 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പൊലിക്കോട് മിഥുന്‍ നിവാസില്‍ മിഥുന്‍ (26), വാളകം വയയ്ക്കല്‍ ഫാത്തിമ മന്‍സില്‍ ജാസ്മി (40) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ജാസ്മി ഒന്നാം പ്രതിയും മിഥുന്‍ മൂന്നാം പ്രതിയുമാണ്. സ്ഥാപനത്തിന്റെ മാനേജറും രണ്ടാം പ്രതിയുമായിരുന്ന രാധാകൃഷ്ണപിള്ള നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
പ്രതികള്‍ ഗൂഢാലോചന നടത്തി സ്ഥാപനത്തിന് 1,46,79,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ജാസ്മി തന്റെ പേരില്‍ 86.16 ലക്ഷം രൂപ വിലമതിക്കുന്ന 974.2 ഗ്രാം സ്വര്‍ണം സ്ഥാപനത്തില്‍ പണയംവച്ച ശേഷം മാനേജരുടെ സഹായത്തോടെ തിരികെ കൈപ്പറ്റിയതായും പൊലീസ് കണ്ടെത്തി. കൂടാതെ 30 പേരുടെ 60.62 ലക്ഷം രൂപ വിലമതിക്കുന്ന 655.4 ഗ്രാം സ്വര്‍ണപ്പണയങ്ങളും പ്രതികള്‍ ചേര്‍ന്ന് ജാസ്മിക്ക് കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഓഡിറ്റ് പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ഉടമയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ പരിശോധനയില്‍ ഏകദേശം 30 ലക്ഷം രൂപയുടെ സ്വര്‍ണം വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയംവച്ചതിന്റെ രസീതുകള്‍ കണ്ടെത്തി.
ഓഗസ്റ്റ് 23ന് അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കി.