26.4 C
Kollam
Thursday 17th September, 2026 | 07:06:52 AM
Home News Local ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കൊട്ടാരക്കര: ഭാര്യയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മൈലം പള്ളിക്കല്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ മാരിയമ്മന്‍കോവില്‍ സമീപം രാജേഷ് ഭവനില്‍ രാജേഷ് (52) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് നിരന്തരം മദ്യപിച്ച് വീട്ടിലെത്തി ഭാര്യ മിനിയെ മര്‍ദിക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചെത്തുന്നതിനെ ഭാര്യ ചോദ്യം ചെയ്തതിനെച്ചൊല്ലിയും കുടുംബത്തില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു.
27ന് രാത്രി വീട്ടിലെത്തിയ രാജേഷ് നിസാരകാര്യങ്ങള്‍ പറഞ്ഞ് മിനിയെ മര്‍ദിച്ചു. തുടര്‍ന്ന് മിനി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. കുട്ടികളുടെ ആവശ്യപ്രകാരം 28ന് രാവിലെ 5.30ഓടെ മിനി വീട്ടില്‍ തിരിച്ചെത്തി. രാവിലെ 9-ഓടെ വീട്ടിലെത്തിയ രാജേഷ് വീണ്ടും മിനിയെ മര്‍ദിച്ചു. മര്‍ദനത്തില്‍ ഭയന്ന് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ മിനിയെ രാജേഷ് വെട്ടുകത്തിയുമായി പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
തലയുടെ ഉച്ചിഭാഗത്തും വലതുകൈയില്‍ റിസ്റ്റിന് താഴെയും ഇടതുകൈയിലെ ഷോള്‍ഡറിനുമാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. മക്കള്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുന്നത് കണ്ട രാജേഷ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിനിയെ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ചികിത്സയിലാണ്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി പോലീസ് മിനിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കൊലപാതകശ്രമത്തിന് കേസെടുത്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജേഷിനെ കൊട്ടാരക്കര വെള്ളാരംകുന്നില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര സി.ഐ ഗംഗാപ്രസാദ്, എസ്.ഐ ആതിര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.