Home News Kerala കനത്ത മഴയ്ക്കിടെ തോട്ടിലെ വെള്ളത്തിനടിയിൽ മിന്നിയത് എന്ത്?; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ഒടുവിൽ ആശ്വാസം

കനത്ത മഴയ്ക്കിടെ തോട്ടിലെ വെള്ളത്തിനടിയിൽ മിന്നിയത് എന്ത്?; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ഒടുവിൽ ആശ്വാസം

കൊച്ചി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന തോട്ടിൽ വെള്ളത്തിനടിയിൽ നിന്ന് മിന്നൽപോലെ പ്രകാശം കണ്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ആരെങ്കിലും വാഹനാപകടത്തിൽപ്പെട്ട് വെള്ളത്തിൽ വീണിരിക്കാമെന്ന സംശയത്തെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഒടുവിൽ ആശങ്കയ്ക്ക് കാരണമായത് ഒഴുക്കിൽപ്പെട്ട് വന്ന ഒരു ചെറിയ എൽഇഡി ബൾബാണെന്ന് കണ്ടെത്തി.
എറണാകുളം ജില്ലയിലെ പിറവം പാലച്ചുവട് ആനിത്തോട്ടിലാണ് സംഭവം. പുലർച്ചെ 12.15ഓടെയാണ് വെള്ളത്തിൽ നിന്ന് പ്രകാശം കാണുന്നതായി ഫയർഫോഴ്‌സിന് ഫോൺ സന്ദേശം ലഭിച്ചത്. സ്കൂട്ടർ മറിഞ്ഞ് ആരെങ്കിലും വെള്ളത്തിൽപ്പെട്ടിരിക്കാമെന്ന ആശങ്കയും അറിയിച്ചതോടെ അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി.
തോടിന്റെ ആഴവും ശക്തമായ ഒഴുക്കും കാരണം നാട്ടുകാർ വെള്ളത്തിലിറങ്ങാൻ മടിച്ചപ്പോൾ, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ മഹേഷും ബാബുവും തോട്ടിലിറങ്ങി മുങ്ങിത്തിരഞ്ഞു. ഏറെ നേരത്തെ പരിശോധനയ്ക്കൊടുവിൽ വെള്ളത്തിനടിയിൽ മിന്നിക്കൊണ്ടിരുന്നത് ശക്തമായ മഴയിൽ ഒഴുകിയെത്തിയ ഒരു എൽഇഡി ബൾബാണെന്ന് കണ്ടെത്തി.
ആളപായമൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാരുടെ ആശങ്കയ്ക്ക് വിരാമമായി. മഴക്കെടുതികൾക്കിടയിലും അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടൽ ശ്രദ്ധേയമായി.

LEAVE A REPLY

Please enter your comment!
Please enter your name here