27.6 C
Kollam
Friday 2nd October, 2026 | 10:05:44 PM
Home News Breaking News ദേശീയപാതയിൽ ചേർത്തല പതിനൊന്നാം മൈലിൽ കുഴി രൂപപ്പെട്ടത് കുടിവെള്ള പൈപ്പ് പൊട്ടി, കരാറുകാരനെ കുറ്റപ്പെടുത്തി ദേശീയപാത...

ദേശീയപാതയിൽ ചേർത്തല പതിനൊന്നാം മൈലിൽ കുഴി രൂപപ്പെട്ടത് കുടിവെള്ള പൈപ്പ് പൊട്ടി, കരാറുകാരനെ കുറ്റപ്പെടുത്തി ദേശീയപാത അതോറിറ്റി

Advertisement

ആലപ്പുഴ.ദേശീയപാതയിൽ ചേർത്തല പതിനൊന്നാം മൈലിൽ കുഴി രൂപപ്പെട്ട സംഭവത്തിൽ കരാറുകാരനെ കുറ്റപ്പെടുത്തി ദേശീയപാത അതോറിറ്റി .തകരാർ പരിഹരിക്കുന്നതിന്റെ മുഴുവൻ ചെലവും കരാറുകാരൻ ഏറ്റെടുക്കണം എന്നും യാത്രാ ബുദ്ധിമുട്ടിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും ദേശീയപാത അതോറിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.റോഡിന് അടിയിൽ സ്ഥാപിച്ച ഭൂഗർഭ പൈപ്പ് ലൈൻ പൊട്ടിയതാണ് ഗർത്തം ഉണ്ടാകാൻ കാരണമെന്നാണ് വിശദീകരണം.അതേസമയം സംഭവ സ്ഥലത്ത് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. മറ്റിടങ്ങളിലും സമാനമായ പ്രശ്നം നിലനിൽക്കുന്നുണ്ടോ എന്നതിൽ ദേശീയപാത അതോറിറ്റി മൗനം തുടരുകയാണ്

ചേർത്തല പതിനൊന്നാം മൈലിന് സമീപം ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിലാണ് വിശദീകരണവുമായി ദേശീയപാത അതോറിറ്റി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.എല്ലാ കുറ്റവും കരാറുകാരന്റെതാണ്. റോഡിന് അടിയിൽ കൂടി പോകുന്ന പൈപ്പ് ലൈൻ യഥാസമയം നീക്കം ചെയ്തില്ല.ഇരുമ്പ് പൈപ്പുകൾ ഇടേണ്ട സ്ഥലത്ത് ഫൈബർ പൈപ്പുകൾ ഇട്ടതാണ് പൊട്ടൽ ഉണ്ടാകാൻ കാരണം.ഇതോടെ വെള്ളത്തിൻറെ മർദ്ദത്തിൽ മണ്ണ് ഒലിച്ചുപോയി.ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കുന്നതിൽ കാലതാമസം വന്നതിൽ അന്വേഷണം ആരംഭിച്ചതായും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.നിലവിൽ ഉണ്ടായ നാശനഷ്ടങ്ങൾ കരാറുകാരന്റെ ചിലവിൽ തന്നെ പുനർ നിർമ്മിക്കണം.

യാത്രക്കാരുടെ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.അതേസമയം ഇത്തരം ജോലികൾ നടക്കുമ്പോൾ മേൽനോട്ടം വഹിക്കുകയും കരാറുകാരനെ കൊണ്ട് ജോലി ചെയ്യിക്കുകയും ചെയ്യേണ്ട ഉദ്യോഗസ്ഥർ എവിടെയായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. ദേശീയപാതയിലെ മറ്റു സ്ഥലങ്ങളിലും സമാനമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടോ എന്നതിലും ദേശീയപാത അതോറിറ്റി മൗനം പാലിക്കുകയാണ്.ഗർത്തം രൂപപ്പെട്ട സ്ഥലത്ത് ആലപ്പുഴ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് ജലവിഭവ വകുപ്പ് എൻജിനീയർമാർ സന്ദർശനം നടത്തി.സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കളക്ടർ നിർദ്ദേശിച്ചിരുന്നു.