തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെക്ക് എസ്എഫ്ഐ സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. കേപ്,ഐ എച്ച് ആർ ഡി കോളേജുകളിലെ ഫീസ് വർദ്ധനക്കെതിരെ ആയിരുന്നു എസ്എഫ്ഐയുടെ സമരം. സമരവുമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാതിരുന്ന പ്രവർത്തകർ പോലീസിന് നേരെ തട്ടിക്കയറിയതോടെ സമരം സംഘർഷത്തിലേക്ക് വഴി മാറുകയായിരുന്നു.
പിന്നീട് എംഎൽഎമാരായ വി ജോയ്, മുഹമ്മദ് റിയാസ് എന്നിവർ സ്ഥലത്തെത്തി പ്രവർത്തകരെ സമരത്തിൽ നിന്ന് പിരിച്ചു വിട്ടു. ഇതിനിടെ റോഡിൽ ചിതറി വീണ ബ്ലേഡിനെ ചൊല്ലിയും പോലീസും പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. പോലീസിനെ ആക്രമിക്കാൻ എസ്എഫ്ഐ പ്രവർത്തകർ കൊണ്ടുവന്നതാണ് ബ്ലേഡ് എന്ന് പോലീസും അതല്ല പ്രവർത്തകരെ ആക്രമിക്കാൻ പോലീസ് കയ്യിൽ കരുതിയതാണ് ബ്ലേഡ് എന്നും ഇരുകൂട്ടരും ആരോപിച്ചു




































