26.5 C
Kollam
Wednesday 23rd September, 2026 | 03:36:23 AM
Home News Breaking News പി എം ശ്രീ വിഷയത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവും തമ്മില്‍...

പി എം ശ്രീ വിഷയത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്

തിരുവനന്തപുരം: പി എം ശ്രീ വിഷയത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്. ആര്‍എസ്എസ് വിഷസര്‍പ്പങ്ങള്‍ക്കു മുന്നില്‍ വച്ച വിളക്കു കൊളുത്തിയത് ഇടതുസര്‍ക്കാര്‍ ആണെന്നും പിഎം ശ്രീ പിന്‍വലിക്കാനാണോ മരവിപ്പിക്കാനാണോ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ വേണ്ടിയാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്നും പിന്നീടു വേണ്ടെന്നു വച്ചുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. തടഞ്ഞുവെച്ച സര്‍വശിക്ഷാ അഭിയാന്റെ 1500 കോടിയിലധികം രൂപ കിട്ടാന്‍ വേണ്ടിയാണ് അന്ന് ഒപ്പുവെച്ചത്. എസ്എസ്എയുടെ ഫണ്ട് കിട്ടാതെ വന്നാല്‍ അത് കേരളത്തെ മുഴുവന്‍ ബാധിക്കും. ഒപ്പുവെച്ച് പണം വാങ്ങാനാണ് ശ്രമിച്ചത്. ആ ശ്രമം ശരിയല്ല എന്ന് പിന്നീട് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്ത് മരവിപ്പിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

എന്നാല്‍ പദ്ധതി നടപ്പാക്കാനില്ലെന്നു പറഞ്ഞ ഇടതുസര്‍ക്കാര്‍ കേന്ദ്രത്തിനു കത്തു നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ‘എട്ടുമാസ കാലം ഈ പദ്ധതി നടപ്പാക്കാനില്ലെന്ന് പറഞ്ഞ് ഇടതുസര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയില്ല. ഇതില്‍ ഒപ്പുവെയ്ക്കില്ല എന്ന നയപരമായ തീരുമാനത്തെ ആര്‍എസ്എസ് വിഷസര്‍പ്പമാണ് എന്ന് പറഞ്ഞവര്‍ കീഴടങ്ങി ഒപ്പുവെച്ചു. നിങ്ങള്‍ ഒരു സബ് കമ്മിറ്റിയെ വെച്ചു. ഞങ്ങളും ഒരു മന്ത്രിതല സമിതിയെ വെച്ചു. ഞങ്ങള്‍ നടപ്പാക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. മന്ത്രിമാരുടെ കമ്മിറ്റിയെ വെച്ച് തീരുമാനമെടുത്തു. പാഠ്യപദ്ധതിയില്‍ തൊടാന്‍ സമ്മതിക്കില്ല. സ്‌കൂള്‍ തെരഞ്ഞെടുപ്പും ഞങ്ങള്‍ ചെയ്യും. ഒരു സിലബസിലും തൊടാന്‍ അനുവദിക്കില്ല’- മുഖ്യമന്ത്രി പറഞ്ഞു

പ്രസംഗത്തിനിടെ ബിജെപി എംഎല്‍എമാര്‍ക്ക് മറുപടി നല്‍കാനും മുഖ്യമന്ത്രി മറന്നില്ല. ബിജെപിയിലെ മൂന്ന് നേതാക്കള്‍ തമ്മില്‍ നല്ല യോജിപ്പാണല്ലോ എന്ന് ചോദിച്ച് കൊണ്ടായിരുന്നു മറുപടി. ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ രണ്ടു സീനിയര്‍ നേതാക്കളില്‍ ഒരാള്‍ രണ്ടാമത്തെ ബെഞ്ചിലും ഒരാള്‍ മൂന്നാമത്തെ ബെഞ്ചിലും ഇരിക്കുന്നത്. യോജിപ്പായത് കൊണ്ടാണല്ലോ. സിപിഎമ്മില്‍ എല്ലാ ശാന്തമാണല്ലോ. എന്താണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടക്കുന്ന കാര്യങ്ങള്‍. പ്രതിപക്ഷ നേതാവ് ആയി ഞാന്‍ വന്നപ്പോള്‍ എന്നെ ആരും ചോദ്യം ചെയ്തില്ല. ഇവിടെ പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടി സെക്രട്ടറിയെയും ചോദ്യം ചെയ്യുകയാണ് അണികളും നേതാക്കളും. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അതുകൊണ്ട് തര്‍ക്കം ഉണ്ടാവും. എന്നേക്കാള്‍ യോഗ്യതയുള്ള ആളുകള്‍ ഇതില്‍ ഉണ്ട്. ഞാന്‍ മുഖ്യമന്ത്രിയായെന്ന് മാത്രം.’- വി ഡി സതീശന്‍ പറഞ്ഞു.